കേന്ദ്രകമ്മിറ്റി കഴിഞ്ഞില്ല, വിഎസ് മടങ്ങി

ഞായര്‍, 21 നവം‌ബര്‍ 2010 (10:41 IST)
സി പി എം കേന്ദ്രകമ്മിറ്റിയോഗം അവസാനിക്കുന്നതിന് കാത്തുനില്ക്കാതെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കേരളത്തിലേക്ക് മടങ്ങി. കേന്ദ്രകമ്മിറ്റി ഇന്ന് അവസാനിക്കുന്ന സാഹചചര്യത്തില്‍ ആണ് വി എസ് ഇന്നലെതന്നെ മടങ്ങിയിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം നടന്ന സമ്മേളനത്തില്‍ പങ്കെടുക്കാനും വി എസ് മിനക്കെട്ടില്ല. സമ്മേളനത്തിനു പോലും കാത്തുനില്ക്കാതെ വളരെ പെട്ടെന്ന് ആണ് അദ്ദേഹം കേരളത്തിലേക്ക് തിരിച്ചത്.

അതേസമയം, വളരെപെട്ടെന്ന് വി എസ് എന്തുകൊണ്ടാണു തിരികെപ്പോയതെന്നു വ്യക്‌തമല്ലെന്നു മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍, തന്നെ പോളിറ്റ്‌ബ്യൂറോയില്‍ തിരികെയെടുക്കുന്ന കാര്യം കമ്മിറ്റി പരിഗണിക്കുമെന്നു പ്രതീക്ഷിച്ചാണു വി എസ്‌ എത്തിയതെന്നാണ് സൂചന. എന്നാല്‍, ഇതിന്‍റെ ലക്ഷണമൊന്നും യോഗങ്ങളില്‍ പ്രകടമാകാത്ത സാഹചര്യത്തില്‍ വി എസ് നാട്ടിലേക്കു മടങ്ങുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന സൂചനകള്‍.

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ വി എസിനെ പോളിറ്റ് ബ്യൂറോയില്‍ തിരിച്ചെടുത്ത് പാര്‍ട്ടിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ നേരത്തെ പാര്‍ട്ടിനേതൃത്വത്തില്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, തുടര്‍ന്നുവന്ന ലോട്ടറിവിവാദത്തില്‍ വി എസ് സ്വീകരിച്ച നിലപാട് ഈ തീരുമാനത്തിന് എതിരായ നിലപാടെടുക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് പോളിറ്റ് ബ്യൂറോ ചേര്‍ന്നെങ്കിലും വി എസിന്‍റെ പുന:പ്രവേശനം സംബന്ധിച്ച ചര്‍ച്ച നടക്കാതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്‌ ഭട്ടചാര്യയും യോഗത്തിന്‌ എത്തിയിരുന്നില്ല.

വെബ്ദുനിയ വായിക്കുക