കെ.എന്‍.ഇ.എഫ് സമ്മേളനം നാളെ മുതല്‍

Webdunia
വെള്ളി, 29 ഫെബ്രുവരി 2008 (10:43 IST)
കേരളത്തിലെ പത്രമാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനയായ കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ്‌ ഫെഡറേഷന്‍റെ സംസ്ഥാന സമ്മേളനം ശനിയാഴ്ച മുതല്‍ കൊച്ചിയില്‍ ആരംഭിക്കും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. ശനിയാഴ്ച വൈകീട്ട്‌ 5.30ന്‌ തൊഴിലാളി വര്‍ഗം ഇന്ന്‌ നേരിടുന്ന പ്രതിസന്ധി എന്ന വിഷയത്തിലുള്ള സെമിനാര്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എം. ലോറന്‍സ്‌ വിഷയാവതരണം നടത്തും.

ചടങ്ങില്‍ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി മുഖ്യപ്രഭാഷണം നടത്തും. മാര്‍ച്ച്‌ രണ്ടിന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി എസ്‌. ശര്‍മ ഉദ്ഘാടനം ചെയ്യും. ഡോ. സെബാസ്ട്യന്‍ പോള്‍ എം.പി. മുഖ്യപ്രഭാഷണം നടത്തും.

തൊഴില്‍ നിയമങ്ങള്‍ പുനഃസ്ഥാപിക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, പത്രവ്യവസായ രംഗത്തേക്കുള്ള വിദേശ കടന്നുകയറ്റം തടയുക, ദൃശ്യമാധ്യമരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ വേജ്ബോര്‍ഡിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, പത്രമാധ്യമരംഗത്തെ ജീവനക്കാര്‍ക്ക്‌ കേന്ദ്ര സര്‍ക്കാര്‍ ഇടക്കാലാശ്വാസം അനുവദിക്കുക തുടങ്ങിയവയാണ്‌ സമ്മേളനത്തില്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍.