കെപിസിസി പട്ടിക: സമവായം വേണമെന്ന് ഹൈക്കമാൻഡ്; കടുംപിടുത്തം തുടര്‍ന്നാല്‍ കേരളത്തെ ഒഴിവാക്കി എഐസിസി സമ്മേളനം ചേരും

Webdunia
ഞായര്‍, 22 ഒക്‌ടോബര്‍ 2017 (14:14 IST)
കെപിസിസി പട്ടികയില്‍ സമവായം നടത്താത്തതിന് കേരളത്തിന് ഹൈക്കമാന്റിന്റെ താക്കീത്. എ, ഐ ഗ്രൂപ്പുകള്‍ വിട്ടുവീഴ്ചയ്ക്കു തയാറാകുന്നില്ലെങ്കില്‍ കെപിസിസി പട്ടിക അംഗീകരിക്കില്ലെന്ന മുന്നറിയിപ്പും ഹൈക്കമാന്റ് നല്‍കി. പട്ടികയില്‍ സംസ്ഥാന ഘടകമെടുത്ത നിലപാട് ധിക്കാരപരമാണ്. ഈ കടുംപിടുത്തം തുടരുകയാണെങ്കില്‍ കേരളത്തെ ഒഴിവാക്കി എഐസിസി  സമ്മേളനം ചേരുമെന്നും ഹൈക്കമാന്‍ഡ് അറിയിച്ചു. 
 
സംവരണ തത്വങ്ങൾ പാലിക്കാതെയുള്ള പട്ടിക അതേപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ഹൈക്കമാൻഡ് സൂചന നൽകിയിരുന്നു. ഭരണഘടന 33% സംവരണമാണ് നിർദേശിക്കുന്നതെങ്കിലും കെപിസിസി പട്ടികയിൽ 5% മാത്രമാണു വനിതാ പ്രാതിനിധ്യം. പാർലമെന്റിൽ 33% വനിതകൾ വേണമെന്നാണു പാർട്ടിയുടെ നിലപാട്. പട്ടികയിൽ പട്ടികജാതി, വർഗ, യുവജന പ്രാതിനിധ്യവും കുറവാണെന്നും ഹൈക്കമാന്റ് പറഞ്ഞു. 
 
നിലവിലെ കെപിസിസി പട്ടികയോട് രാഹുല്‍ ഗാന്ധിയും വിയോജിപ്പ് പ്രകടിപ്പിച്ചു. പട്ടികയില്‍ സംവരണം പാലിക്കണമെന്നും എംപിമാരുടെ നിര്‍ദേശം അംഗീകരിക്കണമെന്നും രാഹുല്‍ സംസ്ഥാന്‍ നേതൃത്വത്തോട് വ്യക്തമാക്കി. കേരളത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന മുകുള്‍ വാസ്‌നികുമായി ചര്‍ച്ച നടത്തിയ ശേഷം ഉചിതമായ തീരുമാനമെടുക്കാനും രാഹുല്‍ നിര്‍ദേശിച്ചു.
 
അതേസമയം, കെപിസിസി പട്ടികക്കെതിരെ എഐസിസി അംഗം ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തിയിരുന്നു. പട്ടിക തയ്യാറാക്കിയതിനുശേഷം ഒരു വനിതാ നേതാവിനെപ്പോലും സംസ്ഥാനനേതൃത്വം വിശ്വാസത്തിലെടുത്തില്ലെന്ന് ഷാനിമോള്‍ പറഞ്ഞു. കുറഞ്ഞത് 28 വനിതകളെയെങ്കിലും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും അവര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article