മന്ത്രിസഭയിലേക്ക് ഇല്ലെന്നും കെപിസിസി അധ്യക്ഷസ്ഥാനം മതിയെന്നും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ചുള്ള തീരുമാനം ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇതോടെ മുഖ്യമന്ത്രി പറഞ്ഞ ‘ശുഭവാര്‍ത്ത‘ ഡല്‍ഹിയില്‍നിന്നും എത്തുമോയെന്നതില്‍ സംശയമായി.
കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കേരളത്തിന്റ ചുമതലയുള്ള എഐസിസി സെക്രട്ടറി മുകുള്‍ വാസ്നിക്കുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ താന്‍ മന്ത്രിസഭയിലേക്കില്ലെന്ന് രമേശ് പ്രതികരിച്ചിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അഹമ്മദ് പട്ടേലും തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ വാസ്നിക് രമേശിനെ അറിയിച്ചതായാണ് സൂചന. ചര്‍ച്ചകള്‍ പൂര്‍ത്തിയായോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തുടരുകയാണെന്നായിരുന്നു രമേശിന്റെ മറുപടി. കൂടാതെ മുന്‍ നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രമേശ് മന്ത്രിസഭയിലേക്ക് വരണമെന്നു യുഡിഎഫ് ഘടകകക്ഷികളും എ ഗ്രൂപ്പും ഒരു പോലെ ആവശ്യപ്പെടുന്നു. എന്നാല്‍ മന്ത്രിസഭയിലേക്കു വരുന്നതിലും നല്ലത് കെപിസിസി പ്രസിഡന്റായി തുടരുക തന്നെയാണെന്നാണ് ഐ ഗ്രൂപ്പ് നിലപാട്.
ഇതിനിടെ മന്ത്രിസഭാ പുന:സംഘടനാ വിഷയത്തില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ വീണ്ടും ഡല്‍ഹിക്ക് വരുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളെ അറിയിച്ചത്. എല്ലാ പ്രശ്നങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണുമെന്നും അദ്ദേഹം അറിയിച്ചു.