കൃഷിനാശം രണ്ടായിരം കോടി

ചൊവ്വ, 1 ഏപ്രില്‍ 2008 (11:25 IST)
WDWD
കേരളത്തില്‍ രണ്ടായിരം കോടി രൂപയുടെ കൃഷിനാശമുണ്ടായതായി റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ അറിയിച്ചു. കാപ്പി, കുരുമുളക് വിളകളുടെ നഷ്ടം കണക്കാക്കി കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

കോട്ടയം ജില്ലയിലെ കടുത്തുരുത്തിയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കനത്ത വേനല്‍ മഴയില്‍ കാര്‍ഷിക മേഖലയ്ക്ക് മൊത്തത്തിലുള്ള നഷ്ടം ആയിരത്തി അഞ്ഞൂറിനും രണ്ടായിരത്തിനും ഇടയില്‍ വരും. മൊത്തം കണക്ക് വരുമ്പോള്‍ നഷ്ടം രണ്ടായിരം കോടി രൂപയോളം വരും.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് നഷ്ടം സംബന്ധിച്ച കണക്കുകള്‍ ലഭിച്ചതെന്നും മന്ത്രി പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ എത്തുന്ന കേന്ദ്ര സംഘം നെല്‍കൃഷി നശിച്ച സ്ഥലങ്ങളിലാണ് സന്ദര്‍ശനം നടത്തുക. കുരുമുളക്, കാപ്പി തുടങ്ങി മറ്റ് വിളകളുടെ നാ‍ശത്തിന്‍റെ കണക്ക് പ്രത്യേകം തയാറാക്കി കേന്ദ്രത്തിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലയില്‍ കൃഷിനാശം ഉണ്ടായ കര്‍ഷകര്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിനാണ് കെ.പി രാജേന്ദ്രന്‍ കടുത്തുരുത്തിയിലെത്തിയത്.

വെബ്ദുനിയ വായിക്കുക