കുറ്റം ചെയ്തവരെ കുറ്റവാളികളായി മാത്രം കണ്ടാല്‍ മതി; അവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ല: മുഖ്യമന്ത്രി

ചൊവ്വ, 29 ഓഗസ്റ്റ് 2017 (14:46 IST)
കുറ്റം ചെയ്തത് ആരായാലും അവരെ കുറ്റവാളിയായി മാത്രം കണ്ടാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യം ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. 
 
കുറ്റം ചെയ്തവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ട കാര്യമില്ലെന്നും നവമാധ്യമങ്ങള്‍ വഴി അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇതൊന്നും പൊലീസ് പരിഗണിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.    
 
ചില മാധ്യമങ്ങള്‍ പലതരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രലോഭനങ്ങളില്‍ വീഴാതിരിക്കാനാണ് പൊലീസ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നവമാധ്യമങ്ങളിലൂടെ ദിലീപിന് വേണ്ടി പിആര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. 
 
ഇത്തരത്തിലുള്ള ചില വാര്‍ത്തകള്‍ പടച്ചുവന്ന സാഹചര്യത്തിലാണ് പൊലീസ് ഇതൊന്നും പരിഗണിക്കേണ്ട കാര്യമില്ലെന്ന് പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയത്.

വെബ്ദുനിയ വായിക്കുക