കനത്ത മഴയെ തുടര്‍ന്ന് കുട്ടനാട്ടിലെ നെല്‍കൃഷിക്കാര്‍ക്ക് ഉണ്ടായ നഷ്ടം പരിഹരിക്കുമെന്നു കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍. വ്യാപക കൃഷിനാശമുണ്ടായ അയ്യനാട്, മംഗലം തുടങ്ങിയ പാടശേഖരങ്ങള്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന് പാടശേഖരങ്ങളിലായിട്ട് അയ്യായിരം ഏക്കര്‍ കൃഷിയാണ് നശിച്ചത്.
കുട്ടനാട്ടില്‍ മാത്രം16 കോടി രൂപയുടെ കൃഷി നാശനഷ്ടമുണ്ടായെന്നാണ് പ്രഥമിക കണക്ക്. ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് വ്യാപകകൃഷി നാശമുണ്ടായത്. 28ന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ വില്ലേജ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നം പരിഹരിക്കാന്‍ 30ന് കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. രാവിലെ എട്ടരയോടെയാണ് മന്ത്രി സന്ദര്‍ശനം ആരംഭിച്ചത്. കര്‍ഷകരും കര്‍ഷക സംഘടനാ പ്രതിനിധികളുമായി മന്ത്രി ചര്‍ച്ച നടത്തി.