കുഞ്ഞാലിക്കുട്ടി വിളിച്ചു, മുരളി ശാന്തനായി

വ്യാഴം, 3 മെയ് 2012 (13:02 IST)
PRO
PRO
കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും മുസ്ലീം‌ലീഗും തമ്മിലുള്ള പ്രശ്നങ്ങള്‍ ഒത്തുതീര്‍ന്നു. വ്യാഴാഴ്ച രാവിലെ ലീഗ്‌ നേതാവും മന്ത്രിയുമായി പി കെ കുഞ്ഞാലിക്കുട്ടി മുരളീധരനെ ഫോണില്‍ വിളിച്ച് പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ക്കുകയായിരുന്നു. ലീഗ്‌ നേതാക്കള്‍ കോണ്‍ഗ്രസിന് എതിരെ പ്രസ്താവന നടത്തരുതെന്ന്‌ മുരളി കുഞ്ഞാലിക്കുട്ടിയോട്‌ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കുഞ്ഞാലിക്കുട്ടി മുരളിക്ക് ഉറപ്പ് നല്‍കി.

നേരില്‍ ചര്‍ച്ച നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും അവസാന നിമിഷം ഇത്‌ ഒഴിവാക്കുകയായിരുന്നു. ‌അഞ്ചാം മന്ത്രി പ്രശ്നത്തില്‍ ലീഗിനെതിരെ കടുത്ത ഭാഷയില്‍ കെ മുരളീധരന്‍ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ലീഗിന്റെ പ്രകടനങ്ങളില്‍ മുരളിക്കെതിരേ മുദ്രാവാക്യങ്ങളും ഉയര്‍ന്നിരുന്നു. ഇതോടെ മുരളീധരന്‍-ലീഗ് പോര് മൂര്‍ച്ഛിക്കുകയായിരുന്നു.

തുടര്‍ന്ന് അഞ്ചാം മന്ത്രി വിഷയത്തില്‍ പരസ്യ പ്രസ്‌താവനകള്‍ നടത്തുന്നത്‌ കെ പി സി സിയും ലീഗും നേരത്തെ വിലക്കിയിരുന്നു. എന്നാല്‍ വിലക്ക്‌ ലംഘിച്ച്‌ കെ മുരളീധരന്‍ കഴിഞ്ഞ ദിവസവും ലീഗിനെതിരെ രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ടിരുന്നു. ഇത് വീണ്ടും വിവാദമായി.

ബുധനാഴ്ച ചേര്‍ന്ന കെ പി സി സി എക്‌സിക്യൂട്ടീവില്‍ മുരളിയുടെ പേരു പറയാതെ ചെന്നിത്തല അദ്ദേഹത്തെ വിമര്‍ശിക്കുകയും ചെയ്‌തു. മൈക്ക് കിട്ടിയാല്‍ ചിലര്‍ പാര്‍ട്ടി പ്രസിഡന്റിനെ പോലെയാണ് പെരുമാറുന്നതെന്നാണ് ചെന്നിത്തല വിമര്‍ശിച്ചത്. ഇതില്‍ പ്രതിഷേധിച്ച്‌ മുരളി യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയിരുന്നു.

എന്നാല്‍ നെയ്യാറ്റിന്‍‌കര ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍, പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് കുഞ്ഞാലിക്കുട്ടി മുരളിയുമായി സംസാരിച്ചത്.

വെബ്ദുനിയ വായിക്കുക