കാരായിമാരെ സി ബി ഐ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവ്

Webdunia
വ്യാഴം, 28 ജൂണ്‍ 2012 (15:25 IST)
PRO
PRO
തലശേരി ഫസല്‍ വധക്കേസിലെ പ്രധാന ബുദ്ധികേന്ദ്രങ്ങളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരെ കൂടുതല്‍ ചോദ്യം ചെയ്യലിന്‌ സിബിഐയ്‌ക്ക് വിട്ടുനല്‍കാന്‍ കോടതി ഉത്തരവ്‌. എറണാകുളം സിജെഎം കോടതിയാണ്‌ ഉത്തരവിട്ടത്‌. കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയ ഇവരെ കസ്‌റ്റഡിയില്‍ വേണമെന്ന്‌ സിബിഐ സിജെഎം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കേസില്‍ രണ്ട്‌ പ്രതികളെ കൂടി തിരിച്ചറിയാന്‍ ഇവരെ ചോദ്യം ചെയ്യേണ്ടത്‌ ആവശ്യമാണെന്ന് സി ബി ഐ കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചിരുന്നു.

കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിടുന്നത്‌ നിയമവിരുദ്ധമാണെന്ന്‌ പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കേസില്‍ ഏഴും എട്ടും പ്രതികളാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും.

2006 ഒക്ടോബര്‍ 22 ന്‌ പുലര്‍ച്ചെയാണ്‌ എന്‍ ഡി എഫ് പ്രവര്‍ത്തകനായ മുഹമ്മദ്‌ ഫസല്‍ (35) തലശേരി മാടപ്പീടികയ്ക്ക്‌ സമീപം വെച്ച്‌ വെട്ടേറ്റു മരിച്ചത്‌. സംഭവത്തിന് പിന്നില്‍ ആര്‍ എസ് എസുകാരാണെന്നായിരുന്നു ആദ്യം ആരോപണം ഉയര്‍ന്നത്. സി ബി ഐ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ സി പി എം ആണെന്ന് കണ്ടെത്തിയത്.

ഫസലിന്റെ ഭാര്യയുടെ ഹര്‍ജിയെ തുടര്‍ന്ന്‌ ഹൈക്കോടതി ഉത്തരവനുസരിച്ചാണ്‌ കേസ്‌ സിബിഐ ഏറ്റെടുത്തത്‌. ഫസല്‍ സി പി എം വിട്ട്‌ എന്‍ഡിഎഫിലേക്ക്‌ മാറിയതാണ്‌ കൊലപാതകത്തിന്‌ പ്രേരിപ്പിച്ചതെന്ന്‌ സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.