കോളിളക്കം സൃഷ്ടിച്ച കവിയൂര്‍ കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള സാധ്യത മങ്ങുന്നു. കേസില്‍ പുനരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കൊച്ചിയിലെ സി ബി ഐ കോടതി തള്ളി. പതിനാലുകാരിയായ അനഘയെയും കുടുംബത്തെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അനഘയുടെ ചെറിയച്ഛന്‍ ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി ആണ് ഹര്‍ജി നല്‍കിയത്.
അനഘ, അച്ഛന്‍ നാരായണന്‍ നമ്പൂതിരി, അമ്മ ശ്രീദേവി, അനിയത്തി അഖില, അനുജന്‍ അക്ഷയ് എന്നിവരെയാണ് 2004 സെപ്‌തംബര്‍ 28-ന് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനഘ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും ആരോപണം ഉയര്‍ന്നിരുന്നു.
പീഡനക്കേസ് സി ബി ഐ അന്വേഷിച്ചതില്‍ പോരായ്മകളുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. സംഭവവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ സി ബി ഐ അന്വേഷിച്ചിട്ടില്ലെന്ന് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
സി ബി ഐ ഡയറക്ടര്‍, ചെന്നൈ യൂണിറ്റ് ഡപ്യൂട്ടി സൂപ്രണ്ട്, സംസ്ഥാന സര്‍ക്കാര്‍, പീഡനക്കേസിലെ പ്രതിയായ ലതാനായര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയായിരുന്നു ഹര്‍ജി നല്‍കിയത്.
കേസന്വേന്വേഷണം അട്ടിമറിക്കാന്‍ പ്രതികളും സി ബി ഐയും ഒന്നിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.