കളമശ്ശേരി സംഭവം: പ്രതികള്‍ക്കെതിരെ കേസെടുത്തു

വ്യാഴം, 26 ഫെബ്രുവരി 2009 (12:37 IST)
PROPRO
കളമശ്ശേരി നഗരസഭാ കൌണ്‍സിലര്‍മാരെയും ചെയര്‍പേഴ്‌സണെയും മര്‍ദ്ദിച്ച സംഭവത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതായി ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ നിയമസഭയെ അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കിക്കൊണ്ടാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് സ്‌പീക്കര്‍ കെ രാധാകൃഷ്‌ണന്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

കളമശ്ശേരി നഗരസഭയിലെ ചെയര്‍ പേഴ്സണ്‍ ആരിഫ്, ആറു കൌണ്‍സിലര്‍മാര്‍ എന്നിവരെ കഴിഞ്ഞ ദിവസം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു വെച്ച് മര്‍ദ്ദിച്ചിരുന്നു. അഴിമതിയാരോപണം ഉന്നയിച്ചായിരുന്നു അഞ്ചു വനിതകള്‍ ഉള്‍പ്പെടെയുള്ള കൌണ്‍സിലര്‍മാരെ ആക്രമിച്ചത്.

കളമശേരി മാതൃകാ പൊലീസ്‌ സ്റ്റേഷന്‍ അടുത്താണെങ്കിലും സംഭവം കഴിഞ്ഞാണ് പൊലീസ്‌ എത്തിയതെന്ന് പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി പറഞ്ഞു. ഫര്‍ണിച്ചറുകള്‍ അടിച്ചുതകര്‍ത്തിട്ടും പൊതുമുതല്‍ നശീകരണത്തിനെതിരേ കേസെടുത്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

തെരുവു വിളക്ക്‌ സ്ഥാപിച്ചതിലെ അഴിമതിക്കെതിരേ ഡി വൈ എഫ്‌ ഐ പ്രവര്‍ത്തകര്‍ നടത്തിയ നഗരസഭാ മാര്‍ച്ചാണു സംഘര്‍ഷത്തിലെത്തിയതെന്നു നോട്ടീസിനു മറുപടിയായി മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു. യോഗം നടന്ന ഹാളിലേക്ക്‌ കയറി നിവേദനം കൊടുക്കാന്‍ ശ്രമിച്ചതോടെ വാക്കേറ്റവും സംഘര്‍ഷവുമായി. ഏഴ്‌ യുഡിഎഫ്‌ കൗണ്‍സിലര്‍മാര്‍ക്കും നാല്‌ എല്‍ഡിഎഫ്‌ കൗണ്‍സിലര്‍മാര്‍ക്കും രണ്ട്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

രണ്ടു വിഭാഗത്തിന്‍റെയും പരാതികളില്‍ കളമശേരി പൊലീസ്‌ കേസെടുത്തിട്ടുണ്ട്. യു ഡി എഫുകാരുടെ പരാതിയില്‍ 11 പേരെ അറസ്റ്റ്‌ ചെയ്തു. ബാക്കി അറസ്റ്റ്‌ ഉടനുണ്ടാകും. പൊലീസ്‌ എത്താന്‍ വൈകിയതിനെയും പൊതുമുതല്‍ നശീകരണത്തിനു കേസെടുക്കാതിരുന്നതും പ്രത്യേകം പരിശോധിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. സ്പീക്കര്‍ അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചെങ്കിലും പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചില്ല.

വെബ്ദുനിയ വായിക്കുക