കലോത്സവം ആദ്യദിനം പിന്നിട്ടപ്പോള്‍ കോട്ടയം മുന്നില്‍

വെള്ളി, 16 ജനുവരി 2015 (09:58 IST)
കലയുടെ കല്ലായിക്കടവത്ത് കലാകൌമാരം ചിലങ്ക കെട്ടി ഒരു ദിനം പിന്നിടുമ്പോള്‍ 48 പോയിന്റുമായി കോട്ടയം ജില്ല ഒന്നാമത്. എറണാകുളം, പാലക്കാട് ജില്ലകള്‍ 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ആലപ്പുഴ, തൃശൂര്‍ , കോഴിക്കോട് ജില്ലകള്‍ 44 പോയിന്റുമായി മൂന്നാം സ്ഥാനത്തുണ്ട്.
 
പ്രധാനവേദിയായ മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ വ്യാഴാഴ്ച വൈകുന്നേരം നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭദ്രദീപം കൊളുത്തി അമ്പത്തിയഞ്ചാമത് കലോത്സവം ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി അബ്‌ദുറബ്ബ് അധ്യക്ഷനായിരുന്നു. മന്ത്രിമാരായ എം കെ മുനീര്‍ ‍, കെ സി ജോസഫ് തുടങ്ങിയവരുംസന്നിഹിതരായിരുന്നു.
 
മലബാറിന്‍റെ സാംസ്കാരികപൈതൃകം അരമണിക്കൂറില്‍ സമന്വയിപ്പിച്ച സ്വാഗതഗാനത്തോടെയാണ് ഉത്ഘാടന ചടങ്ങ് ആരംഭിച്ചത്. 63 അധ്യാപകര്‍ ചേര്‍ന്ന്  സ്വാഗതഗാനം ആലപിച്ചു. ഗാനത്തിന് ചുവട് വച്ച് 300 വിദ്യാര്‍ഥികള്‍ സ്റ്റേജില്‍ അണിനിരന്നു.
 
ഉച്ചകഴിഞ്ഞ് ബീച്ചില്‍ നിന്ന് ആരംഭിച്ച ഏഴായിരം വിദ്യാര്‍ഥികള്‍ അണിനിരന്ന വര്‍ണശബളമായ ഘോഷയാത്രയോടെയാണ് കലയുടെ രാപ്പകലുകള്‍ക്ക് തുടക്കമായത്. ഘോഷയാത്രയില്‍ കോഴിക്കോടിന്റെ ചരിത്രപാരമ്പര്യം വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും കലാരൂപങ്ങളും ഘോഷയാത്രയുടെ ഭാഗമായി.
 
17 വേദികളിലായി 232 ഇനങ്ങളില്‍ 11,000 കലാപ്രതിഭകളാണ് ജനവരി 21 വരെ നടക്കുന്ന കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.

വെബ്ദുനിയ വായിക്കുക