കലാമാമാങ്കത്തിന് ചൊവ്വാഴ്ച തിരിതെളിയും

തിങ്കള്‍, 17 ജനുവരി 2011 (09:43 IST)
PRO
ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച തിരിതെളിയും. ആറുദിവസങ്ങളിലായി നടക്കുന്ന കലാമേള 17 വേദികളിലായിട്ടായിരിക്കും നടക്കുക. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കലോത്സവം ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും ഇക്കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല.

23നു ഘോഷയാത്രയോടെയും തുടര്‍ന്നു സമ്മാനദാന സമ്മേളനത്തോടെയും മേള അവസാനിക്കും. 23ന് കലാമേള അവസാനിക്കും. പുല്ലുമേട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുദിവസം വൈകിയാണ് കലോത്സവം ആരംഭിച്ചത്.
ദുരന്തം നടന്ന പശ്ചാത്തലത്തില്‍ ആദ്യദിവസം നടക്കേണ്ട ഘോഷയാത്ര അവസാനദിവസമായിരിക്കും നടക്കുക. 7090 വിദ്യാര്‍ത്ഥികള്‍ ആണ് കലോത്സവത്തില്‍ അപ്പീലിലൂടെയല്ലാതെ പങ്കെടുക്കുന്നത്. അപ്പീലുമായി വിദ്യാര്‍ത്ഥികള്‍ എത്തുന്നതോടെ ഇനിയും എണ്ണം കൂടും.

കലോത്സവത്തിനായി ഒരുക്കിയിരിക്കുന്ന ഓരോ വേദികള്‍ക്കും കോട്ടയത്തുകാരായ പ്രശസ്ത എഴുത്തുകാരുടെയും സാംസ്കാരികപ്രവര്‍ത്തകരുടെയും പേരാണ് നല്കിയിരിക്കുന്നത്. പൊന്‍കുന്നം വര്‍ക്കിയുടെ പേരാണു പ്രധാന വേദിക്കു നല്‍കിയിരിക്കുന്നത്‌.

ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുഹമ്മദ്‌ ഹനീഷ്‌ പതാക ഉയര്‍ത്തുന്നതോടെ അമ്പത്തിയൊന്നാമത കലോത്സവത്തിന് തുടക്കമാകും. പിന്നീട്, ഉദ്ഘാടന സമ്മേളനത്തെ തുടര്‍ന്ന് പ്രധാന പാചകപ്പുര തയാറാക്കിയിരിക്കുന്ന നാഗമ്പടം മൈതാനത്തു പാലുകാച്ചല്‍ ചടങ്ങും നടക്കും.

വെബ്ദുനിയ വായിക്കുക