കലാഭവൻ മണിയുടെ മരണം: അന്വേഷണ സംഘത്തിലെ പ്രധാനികൾക്ക് സ്ഥലമാറ്റം

ഞായര്‍, 29 മെയ് 2016 (10:01 IST)
കലാഭവൻ മണിയുടെ മരണകാരണം അന്വേഷിക്കുന്ന സംഘത്തിലെ പ്രധാനികൾക്ക് സ്ഥലമാറ്റം. അന്വേഷണത്തിന് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച് എസ്പിയേയും രണ്ട് ഡിവൈഎസ്പിമാരേയുമാണ് ജിഷാ കൊലക്കേസ് അന്വേഷണത്തിന്റെ പുതിയ സംഘത്തിലുൾപ്പെടുത്തി തൃശൂരിൽ നിന്ന് സ്ഥലംമാറ്റിയത്. എന്നാൽ സ്ഥലമാറ്റം മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തെ ബാധിക്കില്ലെന്നും രാസപരിശോധനാഫലം ഉടൻ നൽകാൻ ആവശ്യപ്പെട്ടതായും പൊലീസ് അറിയിച്ചു.
 
തൃശൂർ ക്രൈംബ്രാഞ്ച് എസ് പിയായിരുന്ന പി എൻ ഉണ്ണിരാജനായിരുന്നു മേൽനോട്ടച്ചുമതല. അദേഹത്തെ ജിഷാ കൊലക്കേസ് അന്വേഷിക്കുന്ന എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിൽ ഉൾപ്പെടുത്തി. മാത്രവുമല്ല, എറണാകുളം റൂറൽ എസ്പിയായി നിയമിക്കുകയും ചെയ്തു. ആദ്യം മുതൽ അന്വേഷണത്തിന് നേതൃത്വം വഹിച്ചിരുന്ന തൃശൂർ അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി കെ എസ് സുദർശനും മാറ്റമുണ്ട്. മറ്റൊരു ഡിവൈഎസ്പിയായ എം ജെ സോജനും ഇനി ജിഷാ കൊലക്കേസ് അന്വേഷണസംഘാംഗമാണ്.
 
കലാഭവൻ മണി മരിച്ചിട്ട് മൂന്ന് മാസമാവുകയാണ്. ഇതുവരെയുള്ള അന്വേഷണത്തിൽ കൊലപാതകത്തിന്റെയോ ആത്മഹത്യയുടെയോ തെളിവുകൾ ലഭിക്കാത്തതിനാൽ ആന്തരിക അവയവങ്ങളുടെ രാസപരിശോധനാഫലം ലഭിച്ചാൽ മാത്രമെ മരണകാരണത്തിൽ വ്യക്തതയുണ്ടാവു. ഹൈദരാബാദ് കേന്ദ്രലാബിൽ നിന്ന് രണ്ട് മാസമായിട്ടും ഫലം ലഭിക്കാത്തതുകൊണ്ട് തന്നെ അന്വേഷണം വഴിമുട്ടിയതായി മണിയുടെ കുടുംബം ആരോപിച്ചിരുന്നു. അതിനിടയിലാണ് അന്വേഷണസംഘത്തിലെ പ്രമുഖർ മറ്റ് ചുമതലകളുമായി ജില്ല വിട്ടുപോകുന്നത്. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക