കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സഹായിയായ മുരുകനിലേക്ക് നീങ്ങുന്നതായി സൂചന. കൊലക്കേസടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തമിഴ്നാട് സ്വദേശിയായ മുരുകന്‍. മണിയെ അബോധാവസ്ഥയില്‍ കണ്ട ദിവസം മുരുകനാണ് ഭക്ഷണം പാചകം ചെയ്തതെന്നാണ് സൂചന.
കഴിഞ്ഞ ക്രിസ്തുമസ് മുതലാണ് മുരുകന്‍ മണിക്കൊപ്പം ചേര്‍ന്നത്. മണിയെ കാണാനെത്തിയ മുരുകന്‍ പാഡിയിലെ സഹായിയായി കൂടുകയായിരുന്നു. മണിയെ ആശുപത്രിയില്‍ ആക്കിയ ശേഷം തിരികെ വന്ന് മുരുകന്റെ നേതൃത്വത്തില്‍ പാഡി വൃത്തിയാക്കിയത് മരണത്തിലെ ദുരൂഹത വര്‍ദിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു. രണ്ട് ചാക്കുകളിലായി പാഡിയില്‍ നിന്നും കൊണ്ടുപോയതായും പരിസരവാസികൾ പറഞ്ഞിരുന്നു. ചാക്കുകളിൽ എന്തൊക്കെ ഉണ്ടായിരുന്നു എന്നതും ഇതെവിടേക്കു കൊണ്ടുപോയി എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം മുരുകന്റെ തമിഴ്‌നാട് പശ്ചാത്തലത്തെ കുറിച്ച് മനസിലാക്കിയ സഹോദരന്‍ രാമകൃഷ്ണനും ബന്ധുക്കളും മണിക്കു മുന്നറിയിപ്പ് നല്‍കിയിരുന്നതായി പൊലീസ് പറഞ്ഞു.
അതേസമയം, കലാഭവൻ മണിയുടെ ഔട്ട് ഹൗസായ പാഡിയിൽ ചാരായം എത്തിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു. ചാലക്കുടി സ്വദേശിയായ ജോമോനാണ് ഇവിടെ ചാരായം എത്തിച്ചത്. വിദേശത്തേക്ക് പോകുന്നതിന് മുന്‍പ് ഫെബ്രുവരി 15നാണ് ഇയാള്‍ ചാരായം എത്തിച്ചു കൊടുത്തത്. വിദേശത്തുള്ള ജോമോനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം പോലീസ് ആരംഭിച്ചിട്ടുണ്ട്.
ഇതിന് മുന്‍പും പലതവണ പാഡിയില്‍ ചാരായം എത്തിച്ചു കൊടുത്തതായി ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ജോയ് പൊലീസിനോടു സമ്മതിച്ചതായാണ് വിവരം.
മണിയുടെ ശരീരത്തില്‍ ചാരായത്തിന്റെ അംശം കണ്ടെത്തിയെങ്കിലും ഒപ്പം കഴിച്ച മറ്റുള്ളവര്‍ക്കൊന്നും ശാരീരിക പ്രശ്നങ്ങളൊന്നും അനുഭവപ്പെട്ടില്ല എന്നതും മരണത്തിലെ ദുരൂഹത വര്‍ദിപ്പിക്കുന്നു.