കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണോ? ആരെങ്കിലും അദ്ദേഹം കഴിച്ച മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതാണോ? ഇതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ സാന്നിധ്യം രാസപരിശോധനാഫലത്തില്‍ കണ്ടെത്തിയിരുന്നു. ചെടികളില്‍ തളിക്കുന്ന ക്ലോര്‍ പൈറിഫോസ് എന്ന കീടനാശിനിയാണ് മണിയുടെ ഉള്ളില്‍ ചെന്നിരിക്കുന്നത്. ഇത് വായില്‍ക്കൂടി മാത്രമേ മണിയുടെ ഉള്ളില്‍ ചെല്ലുകയുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
മണി ഈ കീടനാശിനി കലര്‍ന്ന മദ്യം കഴിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മെഥനോളും, ക്ലോര്‍ പൈറിഫോസും മദ്യത്തിലും ഉണ്ടാകില്ല, മറ്റൊരു പാനീയത്തിലും ഉണ്ടാകാറില്ല. എന്നാല്‍ വ്യാജമദ്യം ഉണ്ടാക്കുന്നവര്‍ ലഹരി കൂട്ടുന്നതിനായി ഇത് കലര്‍ത്തിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. അല്ലെങ്കില്‍ ബോധപൂര്‍വം, കീടനാശിനി കലര്‍ത്തിയ മദ്യം മണിക്ക് കുടിക്കാന്‍ നല്‍കുകയായിരുന്നു എന്ന് അനുമാനിക്കണം.
മണി ഈ പാനീയം കഴിക്കാന്‍ മൂന്ന് സാധ്യതകള്‍ ഉണ്ട്. ഒന്നാമത്തേത്, അറിഞ്ഞുകൊണ്ടുതന്നെ ഈ വിഷവസ്തു കലര്‍ന്ന മദ്യം മണി കഴിക്കുക. രണ്ട്, അറിയാതെ ഈ പാനീയം കഴിക്കുക. മൂന്ന്, ബോധപൂര്‍വം ആരെങ്കിലും വിഷം കലര്‍ന്ന മദ്യം മണിക്ക് നല്‍കുക.
മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് ബന്ധുക്കള്‍ ഉറപ്പിച്ചുപറയുന്നു. അറിയാതെ, വ്യാജമദ്യം കഴിച്ചതാണെങ്കില്‍ ഒപ്പം കഴിച്ച മറ്റുള്ളവര്‍ക്ക് അസ്വസ്ഥതകള്‍ ഒന്നും ഉണ്ടാകാതെയിരുന്നത് എന്തുകൊണ്ട്? കൊലപാതകമാണോ എന്നും പൊലീസ് സജീവമായി അന്വേഷിച്ചുവരികയാണ്.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് താന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് നടനും അവതാരകനുമായ സാബുമോന്‍ വ്യക്തമാക്കി. മണിയുടെ മൂന്ന് സഹായികള്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. അവരെ ചോദ്യം ചെയ്ത് വരുന്നു.