കന്യാസ്ത്രീയുടെ മരണം: കുറ്റക്കാര്‍ക്കെതിരെ നടപടി

ബുധന്‍, 13 ഓഗസ്റ്റ് 2008 (11:57 IST)
KBJWD
കൊല്ലത്തെ കോണ്‍വെന്‍റില്‍ കന്യാസ്‌ത്രി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു.

സംഭവത്തില്‍ ആഭ്യന്തരമന്ത്രി പ്രത്യേക ശ്രദ്ധ ചെലുത്തുമെന്നാണ്‌ തന്‍റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിച്ച കന്യാസ്‌ത്രിയുടെ പിതാവ്‌ പാപ്പച്ചന്‍ നല്‍കിയ പരാതി സ്വീകരിച്ച ശേഷമാണ്‌ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്‌. പോര്‍ട്ട്‌ കൊല്ലം സെന്‍റ് മേരീസ്‌ കോണ്‍വെന്‍റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അനൂപ മേരി(22) യാണ് ആത്മഹത്യ ചെയ്തത്.

ഇന്ന്‌ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ്‌ അനൂപയുടെ പിതാവ് പാപ്പച്ചന്‍ പരാതി നല്‍കിയത്‌. വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയെയാണ് പാപ്പച്ചന്‍ ആദ്യം കണ്ടത്. പിന്നീട് മന്ത്രിയോടൊപ്പമെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ഇക്കാര്യത്തില്‍ വേണ്ട രീതിയിലുള്ള അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.

ഡി.ജി.പിയുടെ റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇനി കിട്ടാനുണ്ട്. ഇന്ന് ഉച്ചയോടെ ഇവ കിട്ടും. ഇത് പരിശോധിച്ച ശേഷം ഏത് തരത്തിലുള്ള അന്വേഷണം നടത്തണമെന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുറത്ത് നിന്നുള്ള ഒരു ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തണമെങ്കില്‍ അതും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുടര്‍ന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനും പാപ്പച്ചന്‍ പരാതി നല്‍കി. ഏത്‌ ഏജന്‍സിയെക്കൊണ്ടും അന്വേഷണം നടത്താന്‍ തയ്യാറാണെന്ന്‌ ആഭ്യന്തരമന്ത്രി പറഞ്ഞു. കൊല്ലം രൂപത നടത്തുന്ന അന്വേഷണത്തില്‍ തങ്ങള്‍ക്ക് ഒരു വിശ്വാസവുമില്ലെന്ന് അനൂപയുടെ പിതാവ് പറഞ്ഞു.

പണം കൊടുത്ത് എല്ലാം വിലയ്ക്ക് വാങ്ങാ‍ന്‍ കഴിയുന്ന ഒരു മാഫിയ റാക്കറ്റ് തന്നെ കോണ്‍‌വെന്‍റിലുണ്ട്. ഈ മാഫിയാ റാക്കറ്റാണ് തന്‍റെ മകളുടെ മരണത്തിന് പിന്നില്‍. ഈ മാഫിയ ചാനലുകളെയടക്കം വിലയ്ക്ക് വാങ്ങി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നും പാപ്പച്ചന്‍ ആരോപിച്ചു.

വെബ്ദുനിയ വായിക്കുക