കനത്ത മഴയില്‍ നാല് മരണം

വെള്ളി, 9 മെയ് 2014 (09:05 IST)
സംസ്ഥാനത്തൊട്ടാകെ കനത്തമഴയില്‍ നാല് മരണം. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ മണ്‍തിട്ട ഇടിഞ്ഞ് ഒരാളും മലപ്പുറം പെരിന്തല്‍മണ്ണയില്‍ മരക്കൊമ്പ് പൊട്ടിവീണ് ഒരാളും മരിച്ചു. കോഴിക്കോട് മുക്കത്ത് ഇരുവഞ്ഞിപ്പുഴയില്‍ വ്യത്യസ്ത അപകടങ്ങളിലായി രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. 
 
കോഴിക്കോട് മുക്കത്ത് ഒഴുക്കില്‍പ്പെട്ട കോടഞ്ചേരി പരിന്തിരിക്കല്‍ കുര്യന്‍ തോമസ് (35), ഇരുവഞ്ഞിപ്പുഴയിലെ രവിപുരം ക്ഷേത്രക്കടവില്‍ മീന്‍പിടിക്കാനിറങ്ങിയ പൂളപ്പൊയില്‍ പയറ്റൂളിചാലില്‍ ലത്തീഫ് (32)എന്നിവരാണ് മരിച്ചത്. തിരുവമ്പാടി, ആനക്കാമ്പൊയില്‍, പുതുപ്പാടി, കോടഞ്ചേരി ഭാഗങ്ങളില്‍ ചുഴലിക്കാറ്റടിച്ചു. ജില്ലയില്‍ 18 വീടുകള്‍ ഭാഗികമായും ഒരുവീട് പൂര്‍ണമായും നശിച്ചു. 
 
എറണാകുളം സൗത്ത് റെയില്‍വേസ്‌റ്റേഷനിലെ ആറ് പാളങ്ങളിലും വെള്ളം കയറി തീവണ്ടിഗതാഗതം തടസപ്പെട്ടു. ആറ് പാസഞ്ചറുകള്‍ റദ്ദാക്കി. പത്തിലധികം തീവണ്ടികള്‍ വഴിയില്‍ യാത്ര അവസാനിപ്പിച്ചു. എക്‌സ്പ്രസ് ട്രെയിനുകളടക്കം നാലെണ്ണം കോട്ടയം വഴി തിരിച്ചുവിട്ടു. മെട്രോ റെയില്‍ നിര്‍മാണവും തടസപ്പെട്ടു.
 
കോഴിക്കോട്ടും നെടുമ്പാശ്ശേരിയിലും ഓരോ വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. കരിപ്പൂരിലിറങ്ങേണ്ട സൗദിവിമാനം കൊളംബോയിലേക്കും നെടുമ്പാശ്ശേരിയിലിറങ്ങേണ്ട മുംബൈകൊച്ചി വിമാനം മംഗലാപുരത്തേക്കുമാണ് തിരിച്ചുവിട്ടത്.
 
എറണാകുളത്ത് 17 സെന്റിമീറ്ററും പശ്ചിമകൊച്ചിയില്‍ 19 സെന്റിമീറ്ററും മഴരേഖപ്പെടുത്തി. കൊച്ചി നഗരത്തില്‍ മാത്രം 500ലധികം വീടുകളില്‍ വെള്ളം കയറി. വിവിധ ഭാഗങ്ങളില്‍ നൂറിലധികം വീടുകള്‍ തകര്‍ന്നു. 
 
നെയ്യാറ്റിന്‍കരയ്ക്ക് സമീപം കണ്ണറവിളയില്‍ വീടിനോടുചേര്‍ന്ന മണ്‍തിട്ട ഇടിഞ്ഞ് കുഴിവിള വടക്കരികത്ത് പുത്തന്‍വീട്ടില്‍ ബാബുവിന്റെ ഭാര്യ ഓമന(50)യാണ് മരിച്ചത്. ബാബുവിനെ പരിക്കുകളോടെ ആസ്പത്രിയിലാക്കി. ജില്ലയില്‍ 400ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. 
 
മലപ്പുറത്ത് പെരിന്തല്‍മണ്ണയില്‍ മരക്കൊമ്പ് പൊട്ടിവീണ് കയറ്റിറക്ക് തൊഴിലാളി വലമ്പൂര്‍ പൂപ്പലം തുന്നക്കാരന്‍ വീട്ടില്‍ അബൂബക്കറിന്റെ മകന്‍ യാക്കൂബ് (38) ആണ് മരിച്ചത്. 
 
ജില്ലയില്‍ ഒമ്പത് വീടുകള്‍ ഭാഗികമായി തകര്‍ന്നു. എരമംഗലം കോലത്തുപാടത്ത് 620 ഏക്കറോളം കോള്‍നിലം മുങ്ങി. ആലപ്പുഴയില്‍ രണ്ട് പാടശേഖരങ്ങളില്‍ മടവീണു. 800 ഏക്കര്‍ പാടശേഖരത്തിലെ കൃഷി നശിച്ചു. വയനാട്ടില്‍ പതിനായിരക്കണക്കിന് വാഴ നിലംപൊത്തി. 10 കോടിയുടെ കൃഷിനാശമുണ്ടായതായി കണക്കാക്കുന്നു. തൃശ്ശൂരില്‍ 12 വീട് ഭാഗികമായും രണ്ടുവീട് പൂര്‍ണമായും തകര്‍ന്നു.

വെബ്ദുനിയ വായിക്കുക