അവസാനം അല്‍ഫോന്‍സ് കണ്ണന്താനം എംഎല്‍എ അത് പറഞ്ഞു, തന്നെ വടക്കേ ഇന്ത്യയിലേക്ക് ക്ഷണിച്ചത് കോണ്‍ഗ്രസോ രാഹുലോ അല്ലെന്ന്! ബിജെപി ദേശീയ അധ്യക്ഷന്‍ സാക്ഷാല്‍ നിതിന്‍ ഗഡ്കരിയാണെത്രെ കണ്ണന്താനത്തെ വടക്കേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനായി ക്ഷണിച്ചിരിക്കുന്നത്. നിതിന്‍ ഗഡ്കരിയുടെ അഭ്യര്‍ത്ഥനയെ പറ്റി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അടുത്തുതന്നെ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കണ്ണന്താനം പറഞ്ഞു.
എന്തുകൊണ്ടാണ് കണ്ണന്താനം ഇടതുപക്ഷ സ്വതന്ത്രനായി ഇത്തവണ മത്സരിക്കാത്തത് എന്ന് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്ന വേളയില്‍ പിണറായി വിജയനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. കേരളത്തില്‍ ദരിദ്രര്‍ ഇല്ല എന്നാണ് കണ്ണന്താനത്തിന്റെ അഭിപ്രായമെന്നും ദരിദ്രര്‍ ഉള്ള വടക്കേ ഇന്ത്യയിലേക്ക് പോകാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കണ്ണന്താനം തന്നോട് പറഞ്ഞതായും പിണറായി വിശദീകരിക്കുകയും ചെയ്തു.
തുടര്‍ന്ന് കണ്ണന്താനത്തെ പിന്തുടര്‍ന്ന മാധ്യമങ്ങള്‍ ആദ്യം സൂചിപ്പിച്ചത് രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയകാര്യ സമിതിയിലേക്ക് കണ്ണന്താനം പോകുമെന്നാണ്. കണ്ണന്താനത്തിന്റെ കുടുംബാംഗങ്ങള്‍ തന്നെയാണ് ഇത് സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് ആദ്യം സൂചന നല്‍കിയത്. ഡല്‍ഹി കമ്മീഷണറായും കോട്ടയം കളക്‌ടറായും കണ്ണന്താനം നടത്തിയ ഭരണമികവില്‍ ആകൃഷ്ടനായ രാഹുല്‍ഗാന്ധി കഴിഞ്ഞ ആറുമാസമായി അദ്ദേഹവുമായി ബന്ധപ്പെട്ടു വരികയാണ് എന്നാണ് വാര്‍ത്തകള്‍ വന്നത്
എന്നാല്‍, ഇക്കാര്യം പിന്നീട് കണ്ണന്താനം നിഷേധിച്ചു. കഴിഞ്ഞ രണ്ടുവര്‍ഷമായി താന്‍ രാഹുല്‍ ഗാന്ധിയോട് സംസാരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം രാഹുല്‍ ഗാന്ധി തന്നെ ഒരിക്കലും ഇതുസംബന്ധിച്ച് വിളിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍, ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കണ്ണന്താനത്തിന്റെ സേവനം കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആഗ്രഹിക്കുന്നതായി അദ്ദേഹത്തിന്റെ ബന്ധുക്കള്‍ സൂചിപ്പിച്ചിരുന്നു.
ഇതിനിടെ, പൂഞ്ഞാറില്‍ നിന്ന് കണ്ണന്താനം പിന്മാറിയതിനു പിന്നില്‍ സഭയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇതും കണ്ണന്താനം നിഷേധിച്ചു. തന്റെ പിന്മാറ്റത്തിനു പിന്നില്‍ സഭയുടെ ഇടപെടലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് ദരിദ്രരുടെ പേരുപറഞ്ഞ് തന്നെ ആരും പരിഹസിക്കേണ്ട എന്നും പിണറായി വിജയന് മറുപടിയായി കണ്ണന്താനം പറഞ്ഞു.
കേരളത്തില്‍ ദരിദ്രരില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഇവിടുത്തെ അപേക്ഷിച്ച് വടക്കേ ഇന്ത്യയിലാണ് കൂടുതല്‍ പട്ടിണിപ്പാവങ്ങള്‍ ഉള്ളതെന്നാണ് പറഞ്ഞതെന്നും അവരുടെയിടയില്‍ സേവനം ചെയ്യാന്‍ ആഗ്രഹിക്കുന്നെന്നാണ് സൂചിപ്പിച്ചതെന്നും വ്യക്തമാക്കിയ കണ്ണന്താനം ഇതിനെയാരും പരിഹസിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു. എന്തായാലും, കേരളം എന്ന ചെറിയ പരിധിയില്‍നിന്ന് ഇന്ത്യ എന്ന വലിയ ദേശീയ തലത്തിലേക്കു പ്രവര്‍ത്തനമേഖല മാറുമെന്ന് തന്നെയാണ് കണ്ണന്താനം ഇപ്പോള്‍ പറയുന്നത്.