കട്ടപ്രേമമല്ല, പക്ഷേ പ്രേമം പൂത്തുലഞ്ഞത് മലപ്പുറം തെരഞ്ഞെടുപ്പിൽ; ശബരീനാഥ് പറയുന്നു

ബുധന്‍, 3 മെയ് 2017 (07:54 IST)
മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും അരുവിക്കര എം എല്‍ എയുമായ കെ എസ് ശബരിനാഥനും തിരുവനന്തപുരം സബ്കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നുവെന്ന വാർത്ത പെട്ടന്നാണ് വൈറലായത്. രണ്ടാളും യൂത്തിന്റെ പ്രതിനിധികൾ ആയതിനാലാകാം ചെറുപ്പക്കാർ ഈ വാർത്ത ഏറ്റെടുത്തു.
 
അരുവിക്കരയിൽ നിന്നും വൻഭൂരിപക്ഷത്തോടെ ജയിച്ച് കയറിയപ്പോൾ മുതൽ കേൾക്കുന്ന ചോദ്യമാണ് എന്നാണ് വിവാഹമെന്ന് എംഎൽഎ പറയുന്നു. 'കട്ടപ്രേമമൊന്നുമല്ല, പരസ്പരം പരിചയപ്പെട്ടപ്പോൾ ചിന്താഗതികൾ ഏകദേശം ഒന്നാണെന്ന് തോന്നി, അങ്ങനെയാണ് കൂടുതൽ അടുത്തത്. പ്രേമം പൂത്തുലഞ്ഞത് മലപ്പുറം ബൈ ഇലക്ഷനാണ്' - ശബരീനാഥ് പറയുന്നു.
 
ഇരുവരും വിവാഹിതരാകുന്നുവെന്ന കാര്യം ശബരീനാഥ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. സബ് കളക്ടർ ദിവ്യയെ ഞാൻ പരിചയപ്പെടുന്നത് തിരുവനന്തപുരത്തു വച്ചാണ്. തമ്മിലടുത്തപ്പോൾ ആശയങ്ങളിലും ഇഷ്ടങ്ങളിലും ജീവിത വീക്ഷണത്തിലും സമാനതകളുണ്ടെന്ന് ബോധ്യമായി. ഇരു കുടുംബങ്ങളുടെയും സ്നേഹാശിസുകളോടെ ദിവ്യ എനിക്ക് കൂട്ടായി എത്തുകയാണ്. എല്ലാവരുടെയും അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു. ബാക്കിയൊക്കെ പിന്നാലെ അറിയിക്കാം,ഒന്നു മിന്നിച്ചേക്കണെ.. !! - ഇതായി‌രുന്നു ശബരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വെബ്ദുനിയ വായിക്കുക