ഒന്നാം മാ‍റാട് കലാപം: വിചാരണ ഇന്നു മുതല്‍

Webdunia
ശനി, 4 ഏപ്രില്‍ 2009 (09:37 IST)
ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ ഇന്ന് ആരംഭിക്കും. മാറാട് പ്രത്യേക കോടതിയില്‍ ആണ് വിചാരണ. ജഡ്ജി കെ വി ഗോപിക്കുട്ടന്‍ മുന്‍പാകെയാണ്‌ കേസുകളുടെ വിചാരണ നടക്കുക.

2002 ജനുവരിയില്‍ നടന്ന കലാപത്തില്‍ അഞ്ചുപേര്‍ കൊല ചെയ്യപ്പെട്ടിരുന്നു. കലാപവുമായി ബന്ധപ്പെട്ട് മാറാട് തലയ്ക്കലകത്ത്‌ പാത്തുമ്മയുടെ വീട്‌ ആക്രമിക്കുകയും തീവച്ചു നശിപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസുകളുടെ വിചാരണയാണ് മാറാട് പ്രത്യേക കോടതിയില്‍ ഇന്ന് ആരംഭിക്കുന്നത്.

മാറാട്‌ സ്വദേശികളായ പ്രദീപന്‍, സന്തോഷ്‌, പ്രഹ്‌ളാദന്‍, പ്രദാഷ്‌, രഞ്‌ജിത്ത്‌, രജീഷ്‌ എന്നിവരാണ്‌ പ്രതികള്‍. പ്രതികളെ മാര്‍ച്ച്‌ 30ന്‌ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചിരുന്നു. വിചാരണയുടെ ആദ്യദിവസമായ ശനിയാഴ്‌ച ഒന്ന്‌, രണ്ട്‌, മൂന്ന്‌ സാക്ഷികളെയാണ്‌ വിസ്‌തരിക്കുക.

രണ്ടാം മാറാട് കൂട്ടക്കൊലക്കേസിലെ 62 പ്രതികളുടെ വിചാരണ പൂര്‍ത്തിയാക്കി ജീവപര്യന്തം തടവ് ശിക്ഷ മാറാട് പ്രത്യേക കോടതി ജനുവരി 15ന് വിധിച്ചിരുന്നു. കേസ് അപൂര്‍വത്തില്‍ അപൂര്‍വമല്ലാത്തതിനാലാണ് പ്രതികളെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്നതെന്നും ജീവപര്യന്തം തടവു നല്‍കുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.