ഐ പി എല്‍ മത്സരങ്ങള്‍ക്കായ് കൊച്ചി

Webdunia
വ്യാഴം, 16 ഡിസം‌ബര്‍ 2010 (17:01 IST)
ഐ പി എല്‍ മത്സരങ്ങള്‍ക്കായി കൊച്ചി വേദിയാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ കൊച്ചി ടീം ഉടമകള്‍. കലൂര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ടീം ഉടമകള്‍. മത്സരങ്ങള്‍ക്കായി സ്റ്റേഡിയം സജ്ജമാക്കാന്‍ കെ സി എക്ക്‌ കഴിയുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ഉടമകളിലൊരാളായ വിവേക്‌ വേണുഗോപാല്‍ പറഞ്ഞു.

കൊച്ചി ഐ പി എല്‍ ടീമിന്റെ ഹോം മത്സരങ്ങള്‍ക്ക്‌ വേദിയാവാന്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയം പര്യാപ്തമാണോയെന്ന്‌ പരിശോധിക്കുവാന്‍ ബി സി സി ഐ സംഘവും ഗ്രൗണ്ട്‌ സന്ദര്‍ശിച്ചു. ഐ പി എല്‍ മത്സരങ്ങള്‍ക്ക്‌ മുന്‍പ്‌ സ്റ്റേഡിയം സജ്ജമാക്കുമെന്ന്‌ കെ സി എ സെക്രട്ടറി ടി സി മാത്യു പറഞ്ഞു. ഗ്രൗണ്ടിന്റെയും ഫ്ലെഡ്‌ ലൈറ്റിന്റെയും നവീകരണം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

114 കോടിയുടെ നവീകരണ പ്രവര്‍ത്തനങ്ങളാണ് സ്റ്റേഡിയത്തിലൊരുക്കുക. ഗ്രൗണ്ടില്‍ പുതിയ ടര്‍ഫ് സ്ഥാപിക്കണമെന്നും ഫ്ലഡ് ലൈറ്റ് മാറ്റിസ്ഥാപിക്കണമെന്നും ബി സി സി ഐ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 28ന് ബി സി സി ഐയുടെ സംഘം സ്റ്റേഡിയത്തില്‍ വീണ്ടും പരിശോധന നടത്തും. ഈ പരിശോധനയ്ക്കുശേഷം സ്‌റ്റേഡിയത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നാണ് സൂചന. അതിനിടെ ബി സി സി ഐയും കൊച്ചി ഐ പി എല്‍ ടീം ഉടമകളും തമ്മില്‍ നിര്‍ണായക കരാര്‍ ഒപ്പിടുമെന്നും റിപ്പോര്‍ട്ടുണ്ട്.