ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുദ്രവച്ച കവറിലാണ് അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് കേസ് രേഖയുടെ ഭാഗമല്ല. അതിനാല്‍ വി എസിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണത്തില്‍ കോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്. അതിനാല്‍ റിപ്പോര്‍ട്ടില്‍ ക്രമക്കേടു നടന്നുവെന്ന് കരുതുന്നില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. പകര്‍പ്പ് ആവശ്യം ഉന്നയിച്ച് വി എസിന് വേണമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.
കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വി എസിന് നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ കേസില്‍ വി എസ് പരാതിക്കാരനോ സാക്ഷിയോ അല്ലാത്തതിനാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.