ഐസ്ക്രീം: ഹിന്ദുവായ പെണ്‍കുട്ടിയെ ഇസ്ലാമാക്കി

ചൊവ്വ, 1 ഫെബ്രുവരി 2011 (17:05 IST)
ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മൊഴിമാറ്റിക്കാന്‍ സാക്ഷിയെ മതം‌മാറ്റിയെന്ന് റിപ്പോര്‍ട്ട്. കേസിന്റെ വിചാരണയ്ക്ക് തൊട്ടുമുമ്പ് പ്രധാന സാക്ഷിയായ റജുലയെ ഹിന്ദുമതത്തില്‍ നിന്ന്‌ ഇസ്ലാമിലേക്ക്‌ മതം മാറ്റുകയായിരുന്നുവത്രേ.

മതംമാറ്റിയ ശേഷം റജുലയുടെ പേര്‌ റുബീനയെന്നാക്കുകയായിരുന്നു. തുടര്‍ന്ന്, മുസ്ലീമായ ബുഹാരിയുമായി റജുലയെ വിവാഹം ചെയ്യിപ്പിച്ചു. പക്ഷേ ഈ ബന്ധം കുറച്ച് നാള്‍ മാത്രമേ തുടര്‍ന്നുള്ളൂ. കേസ് തള്ളിയതിന് ശേഷം ബുഹാരി റുബീനയെ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് റജുല സ്വന്തം മതത്തിലേക്ക്‌ പരിവര്‍ത്തനം നടത്തി. 2005-ല്‍ കോഴിക്കോട്ട് സ്വദേശിയായ ഷൈജുവിനെ വിവാഹം ചെയ്തു. റജുലയുടെ വ്യാജ സത്യവാങ്ങ്‌മൂലം ഉണ്ടാക്കാന്‍ മൂന്നുലക്ഷത്തിലേറെ രൂപയാണ് ബുഹാരി കൈപ്പറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

കേസ് തള്ളിയതിനെ തുടര്‍ന്ന് പ്രധാന സാക്ഷികളായ റജുല, ബിന്ദു, റോസ്‌ലിന്‍ എന്നിവരെ ഗള്‍ഫിലേക്ക് അയച്ചു. നാട്ടില്‍ ഇവരെ നിര്‍ത്തുന്നത് അപകടമാണെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. റജുല തന്റെ 80 ദിവസം പ്രായമായ കുഞ്ഞിനെ, ഭര്‍ത്താവായ ഷൈജുവിനെ ഏല്‍പ്പിച്ചാണ് മറ്റ് യുവതികളോടൊപ്പം ഗള്‍ഫിലേക്ക് പോയത്.

പ്രമുഖ രാഷ്‌ട്രീയനേതാവ്‌ പീഡിപ്പിച്ചതായി മൂന്നു യുവതികളും പൊലീസിന്‌ മൊഴിനല്‍കിയിരുന്നു. കോഴിക്കോട്‌, കുന്ദമംഗലം കോടതികളില്‍ ഇവര്‍ ഇതേ സത്യവാങ്ങ്‌മൂലം നല്‍കിയിരുന്നു. പണത്തിന്റെ സ്വാധീനത്തില്‍ ഇവര്‍ മൊഴി തിരുത്തുകയായിരുന്നുവത്രേ. ഇതേതുടര്‍ന്നാണ് കേസ് ദുര്‍ബലമായത്.

യുവതികള്‍ക്ക് ഗള്‍ഫില്‍ ഹോട്ടലുകളിലും മറ്റും 10,000 രൂപ ശമ്പളത്തിലായിരുന്നു ജോലി നല്‍കിയത്. അവിടെ 40,000 രൂപയോളം പ്രതിമാസ വാടകയുള്ള കെട്ടിടത്തിലാണ്‌ യുവതികളെ താമസിപ്പിച്ചത്‌. പിന്നീട്‌ കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പൂര്‍ണമായും അവസാനിച്ചുവെന്ന്‌ ബോധ്യമായതിനെ തുടര്‍ന്ന്‌ രണ്ടു വര്‍ഷത്തിനുശേഷമാണ്‌ യുവതികള്‍ നാട്ടിലേക്ക്‌ തിരിച്ചെത്തിയത്‌.

വെബ്ദുനിയ വായിക്കുക