ഐഷ പോറ്റിക്കല്ല പ്രതിപക്ഷത്തിനാണ് വോട്ട് നല്കിയതെന്ന് ബാലകൃഷ്‌ണ പിള്ള

Webdunia
വ്യാഴം, 12 മാര്‍ച്ച് 2015 (12:31 IST)
ഇന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (ബി) വ്യക്തിക്കല്ല വോട്ടു നല്കിയതെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്‌ണ പിള്ള പറഞ്ഞു. നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മകനും എം എല്‍ എയുമായ കെ ബി ഗണേഷ് കുമാര്‍ ഐഷ പോറ്റിക്ക് വോട്ടു ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് പിള്ള ഇങ്ങനെ പറഞ്ഞത്.
 
യു ഡി എഫില്‍ നിന്നും രാജിവെച്ചത് സത്യത്തിനും നീതിക്കും വേണ്ടിയാണ്. മാണിയെ ഉള്‍പ്പെടെ, ഘടകകക്ഷി നേതാക്കളെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് കോണ്‍ഗ്രസ് തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.
 
ഐഷ പോറ്റിക്ക് വോട്ടു ചെയ്തതിനെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്നും കൊട്ടാരക്കരയില്‍ ഐഷ പോറ്റിയെ ജയിപ്പിച്ചത് കോണ്‍ഗ്രസുകാരാണെന്നും പിള്ള കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
 
യു ഡി എഫിനൊപ്പം നിന്ന കേരള കോണ്‍ഗ്രസ് (ബി) കഴിഞ്ഞദിവസം യു ഡി എഫ് വിടുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വോട്ട് നല്കുമെന്നും പ്രഖ്യാപിച്ചിരുന്നു.