എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

തിങ്കള്‍, 9 മാര്‍ച്ച് 2015 (08:53 IST)
സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഇന്നുമുതല്‍ ആരംഭിക്കുന്നു. ഹയര്‍ സെക്കണ്ടറി പരീക്ഷ രാവിലെയും എസ് എസ് എല്‍ സി പരീക്ഷ ഉച്ചയ്ക്കുമാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ട് വിഭാഗങ്ങളിലുമായി 14 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ്​ഇത്തവണ പൊതുപരീക്ഷ എ‍ഴുതുന്നത്​.
 
ഇന്നു മുതല്‍ മാര്‍ച്ച് 23 വരെയാണ് എസ് എസ് എല്‍ സി പരീക്ഷ. ദിവസവും ഉച്ചക്ക്‌ ശേഷം 01.45ന്​പരീക്ഷ ആരംഭിക്കും. 4,68,495 കുട്ടികളാണ്​ഇത്തവണ പത്താംതരം പരീക്ഷ എ‍ഴുതുന്നത്​. ഗള്‍ഫ്​, ലക്ഷദ്വീപ്​, മാഹി എന്നിവിടങ്ങളിലെ 18 സ്കൂളുകളടക്കം 2964 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലും (24446) ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് (2455) കുട്ടനാടും ആണ്.
 
മാര്‍ച്ച് 31ന്​ 54 കേന്ദ്രങ്ങളിലായി ഉത്തരക്കടലാസ്​മൂല്യനിര്‍ണയം ആരംഭിക്കും. ഏപ്രില്‍ 16ന്​ പരീക്ഷാഫലം പ്രഖ്യാപിച്ച് ജൂണ്‍ ആദ്യവാരം പ്ലസ്​വണ്‍ പ്രവേശം ആരംഭിക്കാനാണ്​വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നത്​.
 
പ്ലസ്​ടുവില്‍ ഈ വര്‍ഷം 4.32 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിര്‍ണയം ഏപ്രില്‍ ആറിന് 52 കേന്ദ്രങ്ങളിലായി  ആരംഭിക്കും.

വെബ്ദുനിയ വായിക്കുക