എന്‍ എസ് എസ് വെറും ഓലപ്പാമ്പല്ല: പണിക്കര്‍

Webdunia
വ്യാഴം, 12 ഫെബ്രുവരി 2009 (15:50 IST)
എന്‍ എസ് എസ് വെറും ഓലപ്പാമ്പല്ലെന്നും ചവിട്ടിയാല്‍ തിരിച്ചു കടിക്കുമെന്നും എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപ്പണിക്കര്‍. ഈ മാസം 28ന് തിരുവനന്തപുരത്ത് നടക്കുന്ന എന്‍ എസ് എസ് മഹാസമ്മളനത്തിനുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നാരായണപ്പണിക്കര്‍. ​

എന്‍ എസ്‌ എസിനോടുളള രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. നായര്‍ മഹാസമ്മേളനത്തിന്‌ മുന്‍പായി അനുകൂല തീരുമാനം ഉണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. നിലപാടില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ എന്‍ എസ് എസിന്‍റെ സമദൂര സിദ്ധാന്തത്തില്‍ മാറ്റം വരുത്തേണ്ടി വരും - നാരായണപ്പണിക്കര്‍ മുന്നറിയിപ്പ് നല്‍കി.

എന്‍ എസ്‌ എസ്‌ വെറും ഒലപ്പാമ്പല്ലെന്ന് മനസിലാക്കിയാല്‍ നല്ലത്. ചവിട്ടിയാല്‍ തിരിച്ചു കടിക്കുക തന്നെ ചെയ്യും. സര്‍ക്കാര്‍ പ്രതികരണം അനുകൂലമല്ലെങ്കില്‍ വോട്ടിന്‍റെ കാര്യത്തില്‍ എന്‍ എസ്‌ എസ്‌ നിര്‍ണായക തീരുമാനം എടുക്കും - പണിക്കര്‍ പറഞ്ഞു.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് സര്‍ക്കാരിനെതിരെ എന്‍ എസ് എസ് പ്രസ്താവനയുമായി രംഗത്തെത്തുന്നത്. എസ് എന്‍ സി ലാവ്‌ലിന്‍ വിവാദം കത്തിപ്പടരുന്നതിന് തൊട്ടു മുന്‍‌പു വരെ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും നാരായണപ്പണിക്കരും തമ്മില്‍ വാക്പോര് നടന്നിരുന്നു.
എന്‍ എസ് എസിന്‍റെ ഭീഷണികള്‍ സി പി എമ്മിനോടു വേണ്ടെന്ന് അന്ന് പിണറായി പറഞ്ഞിരുന്നു.