എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇന്ത്യ ആവശ്യപ്പെടില്ല
വ്യാഴം, 21 ഏപ്രില്‍ 2011 (14:27 IST)
PRO
PRO
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ രോദനങ്ങളും ആ മാരകവിഷം നിരോധിക്കുന്നതിനായുള്ള പ്രതിഷേധക്കൊടുങ്കാറ്റുമൊന്നും കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കില്ലെന്നതിന്റെ വ്യക്തമായ സൂചനകള്‍ പുറത്ത് വരുന്നു. ജനീവയില്‍ നടക്കുന്ന സ്റ്റോക്ക് ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം ആവശ്യമില്ലെന്ന നിലപാട് ഇന്ത്യ സ്വീകരിക്കും എന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര കൃഷിമന്ത്രാലയമാണ് ഇത് സംബന്ധിച്ച അന്തിമതീരുമാനം കൈക്കൊണ്ടത് എന്നാണ് റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ പൂര്‍ണ്ണ പിന്തുണയും കൃഷിമന്ത്രാലയത്തിന് ലഭിക്കുന്നുണ്ട്. സുരക്ഷാനിബന്ധനകള്‍ പാലിച്ച് ഉപയോഗിച്ചാല്‍ എന്‍ഡോസള്‍ഫാന്‍ മൂലം യാതൊരു പ്രശ്നങ്ങളും ഉണ്ടാവില്ലെന്നാണ് കൃഷിമന്ത്രാലയത്തിന്റെ നിലപാട്. ഈ കീടനാശിനി ഉപയോഗിക്കുന്ന മറ്റൊരിടത്തും പാരിസ്ഥിതിക-ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയങ്ങള്‍ വാദിക്കുന്നു.
ഇന്ത്യ കൈക്കൊള്ളാന്‍ പോകുന്ന ഈ നിലപാടിന്റെ സൂചന ബുധനാഴ്ച കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറും നല്‍കിയിരുന്നു. എന്‍ഡോസള്‍ഫാന്‍ രാജ്യത്താകമാനം നിരോധിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടാല്‍ മാത്രമേ രാജ്യമൊട്ടാകെയുള്ള നിരോധനം സാധ്യമാകൂ എന്നാണ് പവാറിന്റെ നിലപാട്. കേരളവും കര്‍ണാടകവും മാത്രമാണ് ഇപ്പോള്‍ ഈ കീടനാശിനി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ രണ്ട് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ രാജ്യത്താകമാനമുള്ള നിരോധനം സാധ്യമാവില്ലെന്നാണ് പവാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
എന്‍ഡോഫള്‍ഫാന്‍ നിരോധനം ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണാനിരിക്കുകയാണ്.