കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കഴിയുമെങ്കില്‍ ഇന്നു തന്നെ കേസ് പരിഗണിക്കണമെന്നായിരുന്നു കാവ്യയുടെ ആവശ്യം. എന്നാല്‍, ഇതുതള്ളിയ കോടതി കാവ്യയുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.
കേസുമായി ബന്ധമില്ലാത്ത തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നുവെന്ന് ജാമ്യാപേക്ഷയില്‍ കാവ്യ വ്യക്തമാക്കുന്നു. പൊലീസ് നിരവധി തവണ ഫോണില്‍ വിളിച്ചുവെന്നും കാവ്യ പറയുന്നു. കേസുമായി ബന്ധപ്പെട്ട് അന്വെഷണ സംഘവുമായി പൂര്‍ണമായും സഹകരിക്കാമെന്നും കാവ്യ അറിയിച്ചിട്ടുണ്ട്. അഡ്വ. രാമൻപിള്ള മുഖേനെയാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
നടിയുടെ കേസുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് താരം ജാമ്യാപേക്ഷ നല്‍കുന്നതെന്നതും ശ്രദ്ധേയമാണ്. അറസ്റ്റ് സാധ്യത മുന്നിൽകണ്ടാണ് കാവ്യ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നത്. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് ഉച്ചകഴിഞ്ഞ് പരിഗണിക്കാനിരിക്കവേയാണ് കാവ്യ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
കേസ് അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കാവ്യയെ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. കാവ്യ പങ്കെടുത്ത ചടങ്ങുകളില്‍ പള്‍സര്‍ സുനിയുടെ സാന്നിധ്യമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഏതായാലും ഇനിയുള്ള ദിവസങ്ങള്‍ വാര്‍ത്തകള്‍ കൊണ്ട് സങ്കീര്‍ണമായിരിക്കുമെന്ന് തീര്‍ച്ച.