എം.എന്‍.വിജയനെ വെറുതെ വിട്ടു

വെള്ളി, 28 സെപ്‌റ്റംബര്‍ 2007 (11:48 IST)
FILEFILE
അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസില്‍ പാഠം മാസിക എഡിറ്റര്‍ എം.എന്‍.വിജയനെ കോടതി വെറുതെ വിട്ടു. ശാസ്ത്രസാഹിത്യ പരിഷത്താണ് കോടതിയെ സമീപിച്ചത്.

എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കേസില്‍ മൂന്ന് പ്രതികളാണ് ഉണ്ടായിരുന്നത്. അപകീര്‍ത്തികരമായ ലേഖനങ്ങളും എഡിറ്റോറിയലും പാഠം മാസിക പ്രസിദ്ധീകരിച്ചുവെന്നാണ് ഹര്‍ജിക്കാരുടെ പ്രാധാന ആരോപണം.

ഒന്നാം പ്രതി പാഠം മാസികയുടെ മാനേജിംഗ് എഡിറ്റര്‍ ശ്രീകുമാര്‍, രണ്ടാം പ്രതി എം.എന്‍ വിജയന്‍, മൂന്നാം പ്രതി ലേഖകന്‍ സുധീഷുമായിരുന്നു. ധനമന്ത്രി ഡോ. തോമസ് ഐസകിനെതിരെയും പാഠം വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നതായും ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.

എം.എന്‍ വിജയന്‍ എഴുതിയ എഡിറ്റോറിയലും ലേഖകന്‍ സുധീഷ് എഴുതിയ രണ്ട് ലേഖനങ്ങളുമാണ് കേസിന് ആസ്പദമായത്. ഇതില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഇല്ലെന്ന് കോടതി കണ്ടെത്തി. കേസില്‍ ആരോപിച്ചിരുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ ശാസ്ത്ര സാഹിത്യ പരിഷത്തിനായില്ല.

ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമാണ്. അതിനാല്‍ പ്രതികളെന്ന് ആരോപിക്കുന്നവര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ശാസ്ത്രസാഹിത്യ പരിഷത്തിന് ഇത്തരത്തിലൊരു കേസ് നല്‍കാനാവില്ലെന്ന നിലപാടാണ് പ്രതികള്‍ കോടതിയില്‍ സ്വീ‍കരിച്ചത്.

വ്യക്തികള്‍ക്കെതിരെ മാത്രമേ അപകീര്‍ത്തികരമായ കേസ് നല്‍കാനാവൂവെന്നും ഇവര്‍ വാദിച്ചു. ഇതും കോടതി അംഗീകരിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക