എംടിയുടെ നിര്‍മാല്യം ഇറങ്ങിയപ്പോള്‍ ഹിന്ദുസംഘടനകള്‍ ശക്തരായിരുന്നില്ല, അതിനാല്‍ വെളിച്ചപ്പാട് ഭഗവതിയുടെ നേര്‍ക്ക് തുപ്പിയത് എതിര്‍ക്കപ്പെടാതെ പോയി: ശശികല

Webdunia
വെള്ളി, 26 മെയ് 2017 (09:58 IST)
എംടി വാസുദേവന്‍നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികല. എംടിയുടെ നിര്‍മാല്യം എന്ന സിനിമ ഇറങ്ങിയ സമയത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ല. അതുകൊണ്ടുമാത്രമാണ് ആ സിനിമയില്‍ വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നത് എതിര്‍ക്കപ്പെടാതെ പോയതെന്ന് അവര്‍ പറഞ്ഞു. ഏതൊരാള്‍ക്കും ഉളളത് പോലെയുള്ള ആവിഷ്‌കാര സ്വാതന്ത്ര്യം ഹിന്ദുഐക്യവേദിക്കുമുണ്ടെന്നും അവര്‍ വ്യക്തമാക്കി. 
 
നിര്‍മാല്യത്തിന്റെ അവസാന രംഗത്ത് ഗുരുതി കഴിക്കവെ ഉറഞ്ഞുതുള്ളി തല വെട്ടിപ്പൊളിച്ച് വെളിച്ചപ്പാട് ഭഗവതിയുടെ നേര്‍ക്ക് ആഞ്ഞുതുപ്പുന്ന ഒരു രംഗമുണ്ട്. അതിനെതിരെയായിരുന്നു മാവേലിക്കരയില്‍ ഹിന്ദുഅവകാശ സംരക്ഷണ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ ശശികല ഇത്തരത്തില്‍ പ്രതികരിച്ചത്. ലോക ഗുരുവായ വ്യാസനാണ് മഹാഭാരതം രചിച്ചത്. അതിന് അതിന്റേതായ പവിത്രതയുണ്ട്. അതുകൊണ്ടാണ് എംടിയുടെ രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ അതിന് മഹാഭാരതം എന്ന് പേരിടരുതെന്ന് പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Next Article