എംഎം മണി ഇപ്പോഴും പ്രകോപനപരമായി പ്രസംഗിക്കുന്നു എന്ന് സര്‍ക്കാര്‍

വെള്ളി, 26 ഏപ്രില്‍ 2013 (11:37 IST)
PRO
PRO
സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എംഎം മണിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മണി പ്രകോപനപരമായി പ്രസംഗിക്കുന്നത് തുടരുകയാണ് എന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചത്. ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മണി നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

ജാമ്യം ലഭിച്ച തനിക്ക് ഇടുക്കി ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്നും അതിനാല്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണം എന്നുമാണ് മണി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലുള്ളത്. എന്നാല്‍ മണിയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവു നല്‍കുന്നതിനെ സര്‍ക്കാര്‍ കോടതിയില്‍ ശക്തമായി എതിര്‍ത്തു. പ്രകോപനപരമായി പ്രസംഗിക്കുന്നത് മണി ഇപ്പോഴും തുടരുകയാണ്. അന്വേഷണ സംഘത്തെ വിമര്‍ശിക്കുന്ന ഭാഷയിലാണ് മണി സംസാരിക്കുന്നത്. മണിയെ ഇടുക്കിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചാല്‍ അത് കേസ് അന്വേഷണത്തെ ബാധിക്കും.
അഞ്ചേരി ബേബി വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്ന സാഹചര്യത്തില്‍ അത് അനുവദിക്കരുതെന്നും വാദിച്ചു. മണിയുടെ ജാമ്യഹര്‍ജി കോടതി 29ന് വീണ്ടും പരിഗണിക്കും.

മണക്കാട്ടെ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ മണിക്കെതിരെ അന്വേഷണസംഘം തൊടുപുഴ കോടതിയില്‍ അടുത്തയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. രാഷ്ട്രീയ പ്രതിയോഗികളെ പട്ടിക തയാറാക്കി വകവരുത്തിയെന്ന മണിയുടെ പ്രസംഗമാണ് വിവാദമായതും പിന്നീട് കേസിലേക്ക് നയിച്ചതും.

വെബ്ദുനിയ വായിക്കുക