എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്. ക്രൈംബ്രാഞ്ച് ഐ ജിയായ എസ് ശ്രീജിത്തിനാണ് അന്വേഷണച്ചുമതല. എന്‍സിപിയുടെ കോട്ടയം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്കിയ പരാതിയിലാണ് ഈ നടപടി. എന്‍സിപിയുടെ നേതാവ് സുല്‍ഫിക്കര്‍ മയൂരിക്കെതിരായ പരാതിയായിരിക്കും അന്വേഷണസംഘം ആദ്യം പരിശോധിക്കുക.
എന്‍സിപിയിലെ ചേരിപ്പോരാണ് ഉഴവൂര്‍ വിജയനെ മാനസികമായി തകര്‍ത്തതെന്ന തരത്തിലുള്ള ആരോപണമുണ്ടായിരുന്നു. ഉഴവൂരിന്റെ കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കാണുകയും ചെയ്തിരുന്നു. എന്‍സിപിയിലെ മുതിര്‍ന്ന നേതാവായ സുല്‍ഫിക്കര്‍ മയൂരി ഉഴവൂര്‍ വിജയനെ ഫോണില്‍ വിളിച്ചു സംസാരിച്ച ഉടനെയാണ് അദ്ദേഹം തളര്‍ന്ന് വീണതെന്ന് ഉഴവൂരിന്റെ അടുത്ത സുഹൃത്തും സന്തത സഹചാരിയുമായ സതീഷ് കല്ലങ്കോടും ആരോപിച്ചിരുന്നു.