ഉമ്മന്‍‌ചാണ്ടി പവര്‍‌കട്ട് മുഖ്യമന്ത്രി: പന്ന്യന്‍

ശനി, 21 ഏപ്രില്‍ 2012 (19:02 IST)
PRO
PRO
അധികാരമെല്ലാം മറ്റുള്ളവര്‍ക്ക് ദാനം ചെയ്ത്‌ ഉമ്മന്‍‌ചാണ്ടി പവറില്ലാത്ത പവര്‍കട്ട് മുഖ്യമന്ത്രിയായിരിക്കുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. ലീഗിന്റെ അഞ്ചാംമന്ത്രിസ്ഥാനം മതസാമുദായിക സാഹോദര്യത്തിന്‌ മേല്‍ കരിനിഴല്‍വീഴ്ത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഘടകകക്ഷികള്‍ക്ക്‌ മുഖ്യമന്ത്രിക്ക് ഒരു വിലയും നല്‍കുന്നില്ല. അധികാരത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ ഭരണകര്‍ത്താകള്‍ ജനങ്ങളെ മറക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭരണാധികാരം നിലനിര്‍ത്താന്‍ എതിര്‍പക്ഷ എം എല്‍ എമാരെ ചാക്കിട്ടുപിടിക്കുന്നത്‌ ജനാധിപത്യമല്ല. ഇതിനെല്ലാമുള്ള മറുപടിയായിരിക്കും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

അധികാരം ലക്‍ഷ്യ വച്ച്‌ വരുന്നവരാണ്‌ പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകുന്നത്‌. ഇതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മനസിലാക്കണം. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ വളരെ ഉയരത്തില്‍ നില്‍ക്കുന്ന വ്യക്തിത്വമാണ്‌ വി എസിന്റേത്‌. വി എസും പിണറായിയും പ്രധാനപ്പെട്ട നേതാക്കളാണെന്നതില്‍ തര്‍ക്കമില്ല. വിമര്‍ശനം കൊണ്ടു തീരുന്നതല്ല സി പി എം സി പി ഐ ബന്ധമെന്നും പന്ന്യന്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക