ഉമ്മന്‍ചാണ്ടിക്ക് മാന്യതയില്ല, അല്‍പ്പമെങ്കിലും മാന്യതയുണ്ടെന്ന് സ്വയം തോന്നുന്നുണ്ടെങ്കില്‍ രാജിവയ്ക്കണം, അല്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണം: കോടിയേരി
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇപ്പോള്‍ മാന്യതയൊന്നും അവശേഷിക്കുന്നില്ലെന്നും അങ്ങനെ എന്തെങ്കിലും അവശേഷിക്കുന്നതായി അദ്ദേഹത്തിന് തോന്നുന്നുണ്ടെങ്കില്‍ രാജിവച്ചുപോകുകയാണ് വേണ്ടതെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജിവയ്ക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെയാണ് കൈക്കൂലി ആരോപണം സരിത ഉയര്‍ത്തിയിരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ ആര്യാടന്‍ രാജിവയ്ക്കണം. രാജിവച്ചില്ലെങ്കില്‍ ആര്യാടനെ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയാണ്. ആ മുഖ്യമന്ത്രി തന്നെ ആരോപണങ്ങളുടെ നടുവിലാണ്. ആര്യാടന്‍റെ പൂര്‍ണ സംരക്ഷകനായി മുഖ്യമന്ത്രി മാറുകയാണെങ്കില്‍ ഈ അഴിമതി സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ഇടപെടണം. ഇത്രയും ഗുരുതരമായ അവസ്ഥ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല - കോടിയേരി പറഞ്ഞു.
ഇടതുപക്ഷം നിരന്തരമായി നടത്തിയ സമരങ്ങളുടെ ഒടുവിലാണ് സോളാര്‍ കമ്മിഷനെ വച്ചത്. ആ കമ്മീഷനുമുന്നിലാണ് ഇന്ന് സത്യാവസ്ഥ വെളിപ്പെടുന്നത്. ഇടതുപക്ഷം നടത്തിയ സോളാര്‍ സമരം വിജയിച്ചു എന്നതിന്‍റെ തെളിവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ച കെ പി സി സി സെക്രട്ടറി തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
എന്ത് കളവുപറഞ്ഞും രക്ഷപ്പെടുന്നയാളാണ് ഉമ്മന്‍ചാണ്ടി. സാധാരണ മുഖ്യമന്ത്രിമാര്‍ പറയുന്നതിന് ഒരു വിലയുണ്ട്. ഇവിടെ അത് നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കെതിരായിട്ടും ഇത്ര അപമാനകരമായ വിവരങ്ങള്‍ വന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ എല്‍ ഡി എഫ് നിയമസഭയ്ക്കകത്തും പുറത്തും വന്‍ പ്രക്ഷോഭങ്ങള്‍ നടത്തും - കോടിയേരി വ്യക്തമാക്കി.