കടല്‍ക്കൊലയുമായി ബന്ധപ്പെട്ട് ഇറ്റാലിയന്‍ ഡപ്യൂട്ടി വിദേശകാര്യമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തൂര ബുധനാഴ്ച ഇന്ത്യയിലെത്തും. അദ്ദേഹം കേരളത്തിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
കേരള സര്‍ക്കാരുമായി ചര്‍ച്ച നടത്താനായാണ് മിസ്തൂര കേരളത്തിലേക്ക് വരുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതരുമായും ഈ വിഷയം അദ്ദേഹം ചര്‍ച്ച ചെയ്യും.
നാവികര്‍ക്കായി ഇറ്റാലിയന്‍ കോണ്‍സുലേറ്റ് കേരള ഹൈക്കോടതിയിയെ സമീപിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ ഫയല്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍സുലേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. നാവികരുടെ അറസ്റ്റില്‍ ഇന്ത്യ രാജ്യാന്തര മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ഇറ്റലി ആരോപിക്കുന്നു.
അന്താരാഷ്ട്ര കപ്പല്‍ചാലില്‍ നടന്ന സംഭവമായതിനാല്‍ ഇന്ത്യന്‍ സര്‍ക്കാറിന് കേസെടുക്കാന്‍ അധികാരമില്ലെന്നാണ് ഇറ്റലി വാദിക്കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരുടെ സേവനം ഇറ്റലി ഉറപ്പാക്കിയിട്ടുണ്ടെന്നും വിവരമുണ്ട്. യുഎന്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് ഇന്ത്യ എടുത്തതെന്നും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.