ഇറ്റലിക്കാര്‍ വാക്ക് പാലിക്കും; വെള്ളിയാഴ്ച തിരിച്ചെത്തും
വ്യാഴം, 3 ജനുവരി 2013 (14:23 IST)
PTI
PTI
കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ നാട്ടിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച തിരിച്ചെത്തും. രാവിലെ ഒന്‍പതുമണിക്ക് നെടുമ്പാശേരിയിലാണ് ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായ ലസ്‌തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജെറോണ്‍ എന്നിവര്‍ എത്തുക. ഡിസംബര്‍ 22നാണ് കോടതി ഉത്തരവ് പ്രകാരം നാവികര്‍ ഇറ്റലിയിലേക്ക് പോയത്.
ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി നാട്ടില്‍ പോകണമെന്ന നാവികരുടെ ആവശ്യം ഹൈക്കോടതി ഉപാധികളോടെ അനുവദിച്ചിരുന്നു. ജനുവരി 10 നകം മടങ്ങിയെത്തണമെന്നും ആറ് കോടി രൂപ ബാങ്ക് ഗ്യാരണ്ടിയായി കെട്ടിവെയ്ക്കണമെന്നുമുള്ള ഉപാധികളോടെയാണ്, കോടതി നാവികര്‍ക്ക് നാട്ടില്‍ പോകാന്‍ അനുമതി നല്‍കിയത്.
നാവികര്‍ തിരിച്ചെത്തുമെന്നും, കോടതി ഉത്തരവിട്ടത് പ്രകാരം ജനുവരി 15ന് അവര്‍ കോടതിയില്‍ ഹാജരാകുമെന്നും ഇറ്റാലിയന്‍ കോണ്‍സുലേറ്റ് ജനറല്‍ ജിയാ പൗലോ കുട്ടീലോ അറിയിച്ചിരുന്നു. തുടര്‍ന്ന് കൊല്ലം കോടതി നാവികര്‍ക്ക് പാസ്‌പോര്‍ട്ട് തിരികെ നല്‍കുകയായിരുന്നു.
യാത്രയ്ക്ക് അനുമതി നല്‍കി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് അയച്ച കത്തില്‍ ചില തിരുത്തലുകള്‍ വേണ്ടിവന്നതിനാലാണ് നാവികര്‍ പുറപ്പെടാന്‍ വൈകിയത്. നാവികരോട് ഇന്ത്യ നീതിപൂര്‍വ്വകമായാണ് പെരുമാറിയതെന്ന് ഇറ്റാലിയന്‍ അംബാസഡര്‍ പ്രതികരിച്ചു.