ഇനി പ്രതീക്ഷ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയില്‍, അടിസ്ഥാന വേതനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നഴ്‌സുമാരുടെ സംഘടന‍; സമരം ശക്തമായി തുടരും

തിങ്കള്‍, 17 ജൂലൈ 2017 (07:36 IST)
അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന ആവശ്യവുമായി സമരം ചെയ്യുന്ന നഴ്സുമാര്‍ പിന്നോട്ടില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. തങ്ങളുടെ നിലപാടിലുറച്ച് നില്‍ക്കുന്ന നഴ്‌സുമാര്‍ സമരം ശക്തമാക്കുകയണ്‍. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ചര്‍ച്ച നഴ്‌സുമാരുടെ സംഘടനകള്‍ സ്വാഗതം ചെയ്തു.
 
അടിസ്ഥാന ശമ്പളം 20,000 ആക്കണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഎന്‍എ പ്രതികരിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രതീക്ഷയുണ്ടെന്നും യുഎന്‍എ അറിയിച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന ചര്‍ച്ചയെ സ്വാഗതം ചെയ്യുന്നതായി ഐഎന്‍എ നേതാക്കള്‍ പറഞ്ഞു. 
 
ജൂലായ് 20ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് ചര്‍ച്ച. ചര്‍ച്ചയില്‍ നഴ്‌സുമാരുടെ സംഘടനകളുടെയും ആശുപത്രി മാനേജ്‌മെന്റുകളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി സംസാരിക്കും. സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാമെന്ന് സ്വകാര്യ മാനേജ്‌മെന്റുകള്‍ അറിയിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച പ്രകാരം 20,000 രൂപ വേണമെന്നാണ് നേഴ്‌സുമാരുടെ ആവശ്യം.

വെബ്ദുനിയ വായിക്കുക