ഇത് അപ്രതീക്ഷിത തിരിച്ചടി; ഉത്തരവാദിത്തം പാര്‍ട്ടിക്കും മുന്നണിക്കും, പ്രതിപക്ഷനേതാവാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല: ഉമ്മന്‍‌ചാണ്ടി

വ്യാഴം, 19 മെയ് 2016 (13:08 IST)
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് അപ്രതീക്ഷിത തിരിച്ചടിയാണുണ്ടായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. ജനങ്ങളുടെ അന്തിമവിധിയെ അംഗീകരിക്കുന്നു എന്നും മാനിക്കുന്നു എന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു. പരാജയത്തിന്‍റെ ഉത്തരവാദിത്തം പാര്‍ട്ടിക്കും മുന്നണിക്കുമാണെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു. 
 
തെരഞ്ഞെടുപ്പിന്‍റെ പ്രചരണ സമയത്തെല്ലാം യു ഡി എഫ് മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നായിരുന്നു വിശ്വസിച്ചിരുന്നത്. എന്തായാലും പരാജയം പരാജയം തന്നെയാണ്. പരാജയത്തിന്‍റെ ഉത്തരവാദിത്തം പാര്‍ട്ടിക്കും മുന്നണിക്കുമുണ്ട്. ഈ മുന്നണിയുടെ ചെയര്‍മാന്‍ എന്ന നിലയില്‍ എനിക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ട് - ഉമ്മന്‍‌ചാണ്ടി പറഞ്ഞു. 
 
സര്‍ക്കാരിനും തനിക്കുമെതിരായ അഴിമതി ആരോപണങ്ങള്‍ തിരിച്ചടിയായെന്ന് വിശ്വസിക്കുന്നില്ല. പരാജയത്തിന്‍റെ എല്ലാ വശങ്ങളും പാര്‍ട്ടിയും മുന്നണിയും കൂടി ആലോചിക്കും. കോണ്‍ഗ്രസും യു ഡി എഫും തിരിച്ചുവരുമെന്നതില്‍ സംശയമില്ല - ഉമ്മന്‍‌ചാണ്ടി പറഞ്ഞു.
 
മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും യു ഡി എഫ് സ്ഥാനാര്‍ത്ഥികളുടെ മികച്ച പോരാട്ടമാണ് ബി ജെ പിയുടെ വഴിയടച്ചത്. ബി ജെ പി ഒരു കാരണവശാലും വരരുതെന്ന് ആഗ്രഹിച്ചത് യു ഡി എഫാണ് - ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക