'ഇത്ര നല്ലൊരു ഭാര്യയെ ആര്‍ക്കും കിട്ടില്ല, അത്രക്ക് നല്ലവളാണ്’ - ഭാര്യയെ വെട്ടിക്കൊല്ലുന്നതിന് മുമ്പ് റഫീഖ് എഴുതിയതിങ്ങനെ
വ്യാഴം, 3 ഓഗസ്റ്റ് 2017 (14:44 IST)
കൊച്ചിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ആയുധമുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവം ഞെട്ടലോടെയാണ് നാട്ടുകാര്‍ കേട്ടത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും അയല്‍വാസികളുടെ അറിവില്‍ മറ്റൊരു പ്രശ്നങ്ങളും റഫീഖിന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആത്മഹത്യ വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ബന്ധുക്കള്‍ക്കും ബുദ്ധിമുട്ടായിരുന്നു.
ഭാര്യയായ ജാന്‍സി എന്ന നാസിയയെയാണ് റഫീഖ് ആദ്യം കൊലപ്പെടുത്തിയത്. ഇതിന് മുമ്പ് റഫീഖ് ആത്മഹത്യ കുറിപ്പ് എഴുതിയിരുന്നു. ‘ഇത്ര നല്ലൊരു ഭാര്യയെ ആര്‍ക്കും കിട്ടില്ല, അത്രയ്ക്ക് നല്ലവളാണ്‘ എന്നായിരുന്നു കുറിപ്പില്‍ ഭാര്യയെ കുറിച്ച് റഫീഖ് എഴുതിയിരുന്നത്. ഒപ്പം ഇരുവരുടെയും വിവാഹ സര്‍ട്ടിഫിക്കറ്റും വെച്ചിട്ടുണ്ടായിരുന്നു. കുടുംബ വീട് വിറ്റതും സ്വന്തമായി എന്തെങ്കിലും സമ്പാദിക്കാന്‍ കഴിയാത്തതും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും റഫീക്ക് ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു റഫീഖിന്റെ ലക്ഷ്യം. ഭാര്യ മരിച്ചു എന്ന് ഉറപ്പാക്കിയശേഷമാണ് റഫീഖ് മക്കളുടെ അടുത്തേക്ക് ചെന്നത്. ഇതിനുശേഷം മക്കള്‍ കിടന്ന മുറിയിലെത്തി മൂത്ത മകനായ ജെഫ്രിയെ വെട്ടി. മുറിയിലെ ലൈറ്റ് അണച്ച ശേഷമായിരുന്നു ആക്രമണം. വെട്ടേറ്റ മകന്‍ അലറിക്കരഞ്ഞു കൊണ്ട് ഒച്ചയുണ്ടാക്കി എഴുന്നേറ്റു. ഇതിനിടയില്‍ രണ്ടാമത്തെ മകന്‍ ഷെഫിനും ഇളയ കുട്ടി സാനിയ്ക്കും വെട്ടേറ്റു. പുറത്തുനിന്നാരോ ആക്രമിക്കുകയാണെന്ന് കരുതിയ മക്കള്‍ ‘പപ്പാ’ എന്ന് വിളിച്ചായിരുന്നു കരഞ്ഞത്.
ഇതിനിടയില്‍ മൂത്ത മകന്‍ ലൈറ്റിട്ടു. അപ്പോള്‍ മാത്രമാണ് തങ്ങളെ വെട്ടിയത് സ്വന്തം അച്ഛനാണെന്ന കാര്യം ആ മക്കള്‍ അറിയുന്നത്. ‘പപ്പാ എന്താണ് ഈ ചെയ്യുന്നതെന്ന്‘ കുട്ടികള്‍ ഉച്ചത്തില്‍ ചോദിച്ചു. അതോടെ റഫീഖിന് ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല. മക്കളുടെ മുഖത്തേക്ക് നോക്കാന്‍ അയാള്‍ മടിച്ചു. മക്കളുടെ ശരീരത്തിലെ മുറിവുകള്‍ കണ്ട് അയാളുടെ ഹൃദയം ഇടറി. കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മൂത്തയാളോട് പറഞ്ഞു.
ഇതിനിടയില്‍ കുട്ടികള്‍ അലറിക്കൊണ്ട് അമ്മയുടെ മുറിയിലേക്ക് ഓടി. അപ്പോഴാണ് ചോരയില്‍ കുളിച്ച് കിടക്കുന്ന അമ്മയെ അവര്‍ കണ്ടത്. ഈ സമയത്താണ് സ്വീകരണ മുറിയില്‍ റഫീക്ക് തൂങ്ങിയത്. കുട്ടികള്‍ വരുമ്പോള്‍ റഫീഖ് തൂങ്ങി ആടുന്നതാണ് മക്കള്‍ കണ്ടത്. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കുട്ടികളുടെ മുറിവില്‍ നിന്നുള്ള ചോര മുറിയില്‍ തളംകെട്ടി നിന്നിരുന്നു. ഈ രക്തത്തില്‍ തെന്നി കുട്ടികളിലൊരാള്‍ വീണു. ഇതോടെ റഫീഖിനെ രക്ഷിക്കാന്‍ മക്കള്‍ക്ക് കഴിയാതെ വരികയായിരുന്നുവെന്നും പൊലീസ് പറയുന്നു.
തന്റെ മരണ ശേഷം ഭാര്യയും മക്കളും ബുദ്ധിമുട്ടരുതെന്ന ചിന്തയിലാണ് ഇയാള്‍ എല്ലാവരെയും കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ഫോര്‍ട്ട്‌കൊച്ചി സി.ഐ. പി. രാജ്കുമാര്‍ പറയുന്നു. എല്ലാവരും മരിക്കുന്നതായുള്ള സൂചനയാണ് കുറിപ്പിലുള്ളത്.