ഇടുക്കി വിമാനത്താവള പദ്ധതിയില്‍ ജില്ലാ ഭരണകൂടം പിന്‍മാറുന്നു
വ്യാഴം, 20 ജൂണ്‍ 2013 (18:42 IST)
PTI
PTI
ഇടുക്കിയിലെ അണക്കര വിമാനത്താവള പദ്ധതിയുടെ ജില്ലാ ഭരണകൂടം പിന്‍മാറുന്നു. നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് പദ്ധതിയുമായി മുന്നോട്ട് പോയാല്‍ ക്രമസമാധാനം തകരുമെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ സര്‍ക്കാരിന് കത്തെഴുതിയിട്ടുണ്ട്. പദ്ധതി നടക്കണമെങ്കില്‍ സര്‍ക്കാര്‍ നേരിട്ട് ഇടപെടണമെന്നും ജില്ലാ കലക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
വിമാനത്താവളത്തിനായി രണ്ടു തവണ സര്‍വേയ്ക്ക് ശ്രമിച്ചപ്പോഴും നാട്ടുകാര്‍ തടഞ്ഞു. നിരവധി വീടുകളും കൃഷിയിടങ്ങളും ഏറ്റെടുക്കുമെന്ന തെറ്റിദ്ധാരണയാണ് എതിര്‍പ്പിന് പിന്നില്‍. പ്രദേശവാസികളെ കാര്യം പറഞ്ഞ് മനസിലാക്കാനായി സര്‍വകക്ഷിയോഗം വിളിച്ചപ്പോഴും പ്രതിഷേധക്കാര്‍ വഴങ്ങിയില്ല. കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭൂമാഫിയയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന് ആരോപണമുണ്ട്. അതുകൊണ്ട് ജില്ലാ ഭരണകൂടം പദ്ധതിയുമായി പിന്‍മാറുന്നുവെന്നും സര്‍ക്കാര്‍ നേരിട്ട് യോഗം വിളിക്കണമെന്നുമാണ് കലക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
2009 ലെ സംസ്ഥാന ബജറ്റിലെ ചെറുവിമാനത്താവള പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ് അണക്കര വിമാനത്താവള പദ്ധതിയും. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനുമാണ് ഇടുക്കിയില്‍ ഈ പദ്ധതി തുടങ്ങാന്‍ തീരുമാനിച്ചത്. പദ്ധതിക്ക് കേന്ദ്ര പ്രതിരോധ വകുപ്പിന്റെ അനുമതിയും ലഭിച്ചിരുന്നു.