ഇടത് ഭരണം കാളരാത്രികള്‍: ആന്റണി

ചൊവ്വ, 8 ഫെബ്രുവരി 2011 (13:24 IST)
PRO
ഇടതുപക്ഷ ഭരണത്തിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരള ജനതയെ സംബന്ധിച്ചിടത്തോളം കാളരാത്രികള്‍ ആയിരുന്നു എന്ന് കേന്ദ്ര പ്രതിരോധമന്ത്രിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ എ കെ ആന്റണി. സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ കാറ്റ് വീശുകയാണെന്നും ഇടതുപക്ഷ ഭരണം അവസാനിക്കുകയാണെന്നും അവര്‍ ഇനി തിരികെ ഭരണത്തില്‍ എത്തുകയില്ല എന്നും ആന്റണി പറഞ്ഞു.

സെക്രട്ടറിയേറ്റില്‍ ഒരു ശുദ്ധികലശം ആവശ്യമാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡി‌എഫ് നൂറിലധികം സീറ്റ് നേടും. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ആരോപണങ്ങളൊന്നും വിലപ്പോവില്ല എന്നും ആന്റണി കേരള മോചനയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.

യുപി‌എ സര്‍ക്കാരുമായി സഹകരിക്കുന്ന സര്‍ക്കാരാണ് കേരളത്തിലെങ്കില്‍ വികസന പദ്ധതികള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ സാധിക്കും.

സംസ്ഥാന സര്‍ക്കാരിനെ ഏറ്റവും അധികം സഹായിച്ചിട്ടുള്ള ഒരു കേന്ദ്ര സര്‍ക്കാരാണ് ഇപ്പോഴുള്ളത്. സംസ്ഥാ‍നത്തോട് ഒരുവിധത്തിലുള്ള വേര്‍തിരിവും കേന്ദ്രം കാണിച്ചിട്ടില്ല. മന്‍‌മോഹന്‍ സിംഗ് സര്‍ക്കാരിന്റെ ഭരണം കേരളത്തിന്റെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. കേന്ദ്രത്തിനെതിരായ വികാരം ഇത്തവണ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല എന്നും ആന്റണി പറഞ്ഞു.

വെബ്ദുനിയ വായിക്കുക