ഇടതുമുന്നണിയുടെ ദൌര്‍ബല്യത്തിന് കാരണം സിപിഎം എന്ന് സിപിഐ

വെള്ളി, 27 ഫെബ്രുവരി 2015 (16:38 IST)
ഇടതുമുന്നണിയുടെ ഇപ്പോഴത്തെ ദൌര്‍ബല്യത്തിന് കാരണം സി പി എം ആണെന്ന് സി പി ഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തല്‍. കോട്ടയത്ത് സി പി ഐ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആണ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
 
സമരങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ സി പി എമ്മിന് വീഴ്ച പറ്റിയെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മുന്നണി വിപുലീകരണത്തിന്റെ പേരില്‍ നയവ്യതിയാനം അംഗീകരിക്കില്ലെന്നും സി പി ഐ നിലപാട് വ്യക്തമാക്കുന്നു.
 
1987ല്‍ നയവ്യതിയാനം ഇല്ലാത്ത ഇടതുപക്ഷമാണ് വിജയിച്ചത്. യു ഡി എഫുമായി ചേര്‍ന്നു നില്‍ക്കുന്നവരെ എല്‍ ഡു എഫിലേക്ക് കൊണ്ടു വരാന്‍ അനുവദിക്കില്ല. എന്നാല്‍, ഇടതുമുന്നണി വിട്ടു പോയവരെ തിരികെ കൊണ്ടു വരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
സീറ്റു വിവാദം കൈകാര്യം ചെയ്തതില്‍ തെറ്റു പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വരുന്ന രണ്ടു ദിവസങ്ങളില്‍ ചര്‍ച്ച നടക്കും. ഇന്നു രാവിലെ 11 മണിക്ക് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ സി പി ഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി നാലു ദിവസത്തെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് രണ്ടിനാണ് സമ്മേളനം അവസാനിക്കുക.

വെബ്ദുനിയ വായിക്കുക