ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്ക് പൂട്ട് വീഴുന്നു; കര്‍ശന നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

ബുധന്‍, 31 മെയ് 2017 (07:51 IST)
വിദ്യാഭ്യാസാവകാശനിയമത്തിന്റെ ചുവടുപിടിച്ച് അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്കെതിരേ നടപടി വരുന്നു. ഇതോടനുബന്ധിച്ചുള്ള പ്രാരംഭ നടപടിയെന്ന നിലയില്‍ സംസ്ഥാനത്ത് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന എത്ര വിദ്യാലയങ്ങള്‍ ഉണ്ടെന്ന് കണക്കെടുത്ത് ആ ലിസ്റ്റ് ഉടന്‍തന്നെ വിദ്യാഭ്യാസവകുപ്പ് പ്രസിദ്ധീകരിക്കും. 
 
അതേസമയം, ഈ തീരുമാനം പ്രാബല്യത്തില്‍ വരുന്നതിനു മുന്നോടിയായി തന്നെ വിവിധ ജില്ലകളില്‍ സ്വയം പൂട്ടാന്‍ തയ്യാറായി ചില സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ മാത്രം മുപ്പതോളം സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ തയ്യാറായിട്ടുണ്ടെന്നാണ് വിവരം. പൂട്ടുന്ന സ്ഥാപനങ്ങളിലെ കുട്ടികള്‍ അടുത്തുള്ള പൊതുവിദ്യാലയങ്ങളില്‍ ചേരുമെന്നും മാനേജ്മെന്റ് അറിയിച്ചു.
 
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഇത്തരം വിദ്യാലയങ്ങള്‍ കൂടുതലും. സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ എത്രയുണ്ടെന്ന് കൃത്യമായ കണക്കുകള്‍ സര്‍ക്കാരിന്റെ കൈയിലില്ല. കണക്കെടുപ്പുകള്‍ ഇതുവരെ നടന്നിട്ടുമില്ല. ഏകദേശം 1500നും 2000ത്തിനും ഇടയില്‍ സ്‌കൂളുകള്‍ ഉണ്ടാവാനാണ് സാധ്യത.   

വെബ്ദുനിയ വായിക്കുക