ആര്‍ എസ് എസുകാര്‍ ഓര്‍ക്കുക, അന്ന് നിങ്ങളുയര്‍ത്തിയ കത്തിയുടെയും വടിവാളിന്‍റെയും ഇടയിലൂടെ ഞാന്‍ നടന്നുപോയിട്ടുണ്ട്: പിണറായി

ശനി, 25 ഫെബ്രുവരി 2017 (18:11 IST)
മംഗളൂരുവില്‍ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാര്‍ദ റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ എസ് എസിനെതിരെ ആഞ്ഞടിച്ചു. തന്നെ വിരട്ടാന്‍ നോക്കേണ്ടെന്നും ആര്‍ എസ് എസിന്‍റെ കത്തിയുടെയും വടിവാളിന്‍റെയും ഇടയിലൂടെ നടന്നുപോയിരുന്ന കാലത്ത് തന്നെ ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും പിണറായി പറഞ്ഞു. 
 
പിണറായി വിജയന്‍ പറഞ്ഞത് ഇങ്ങനെ:
 
ആര്‍ എസ് എസുകാരോടും എന്നെ വെല്ലുവിളിച്ചവരോടും പറയാനുള്ളത്, പിണറായി വിജയന്‍ എന്ന ഞാന്‍ ഒരു ദിവസം ആകാശത്തുനിന്ന് മുഖ്യമന്ത്രിക്കസേരയിലേക്ക് പൊട്ടിവീണ ആളല്ല. നിങ്ങളെ, ആര്‍ എസ് എസിനെ നേരിട്ട് അറിയാത്ത ആളുമല്ല. നിങ്ങളെ കണ്ടുകൊണ്ടും അറിഞ്ഞുകൊണ്ടും തന്നെയാണ് എന്‍റെ ഇതുവരെയുള്ള രാഷ്ട്രീയപ്രവര്‍ത്തനം നടന്നിട്ടുള്ളത്. 
 
ഇപ്പോള്‍ പൊലീസിന്‍റെ പക്കലുള്ള ആയുധങ്ങളുടെ സംരക്ഷണത്തിലാണ് ഞാന്‍ കടന്നുപോകുന്നതെന്ന് പറയുമ്പോള്‍, ഒരു കാലം, ബ്രണ്ണന്‍ കോളജിലെ പഠനം പൂര്‍ത്തിയാക്കിയ കാലത്തേക്കുറിച്ച് പറയണം. ആ കാലം, ഈ പറയുന്ന ആര്‍ എസ് എസുകാര്‍ക്ക് അറിയില്ലെങ്കില്‍ പഴയ ആര്‍ എസ് എസുകാരോട് ചോദിക്കണം. അന്ന് നിങ്ങളുടെ കൈയിലുള്ള ഊരിപ്പിടിച്ച കത്തിയുടെയും ഉയര്‍ത്തിപ്പിടിച്ച വടിവാളിന്‍റെയും ഇടയിലൂടെ ഞാന്‍ നടന്നുപോയിട്ടുണ്ട്.
 
അന്ന് ഒന്നും ചെയ്യാന്‍ കഴിയാത്തെ കൂട്ടര് ഇപ്പോള്‍ എന്തുചെയ്തുകളയും എന്നാണ്? മധ്യപ്രദേശിലെ എന്‍റെ യാത്ര തടഞ്ഞതിനെപ്പറ്റി നിങ്ങള്‍ പറയുന്നുണ്ട്. ഒരു മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാള്‍ എന്ന നിലയ്ക്ക് ഒരു സംസ്ഥാനത്ത് ഞാന്‍ ചെല്ലുമ്പോള്‍ ആ സംസ്ഥാനത്തെ സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കുക എന്നത് ഒരു മര്യാദയാണ്. അത് ഒരു മുഖ്യമന്ത്രി സ്വീകരിക്കേണ്ട മര്യാദയാണ്. ആ ഗവണ്‍‌മെന്‍റ് പറഞ്ഞു അങ്ങോട്ടുപോകാന്‍ പാടില്ല എന്ന്. ഞാന്‍ അത് അനുസരിച്ചു. മുഖ്യമന്ത്രിയല്ലാത്ത പിണറായി വിജയനാണെങ്കില്‍ ഇന്ദ്രനോ ചന്ദ്രനോ എന്നെ തടയാനാകില്ല എന്ന് നിങ്ങള്‍ മനസിലാക്കിക്കൊള്ളണം. അതുകൊണ്ട് ആ വിരട്ടലൊന്നും ഇങ്ങോട്ടുവേണ്ട.

വെബ്ദുനിയ വായിക്കുക