ആര് എസ് പിയെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. തെറ്റുതിരുത്തിയാല്‍ ഇടതുമുന്നണിയിലേക്ക് വരാമെന്നാണ് പിണറായി പറഞ്ഞിരിക്കുന്നത്. എന്നാല്‍ ആര്‍ എസ് പി രാഷ്ട്രീയ വഞ്ചനയാണ് കാട്ടിയതെന്ന നിലപാടില്‍ മാറ്റമൊന്നുമില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
മനോരമ ന്യൂസിന്‍റെ നേരെ ചൊവ്വേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി. ആര് തെറ്റുതിരുത്തി വരുന്നതിനോടും വിയോജിപ്പില്ല. ആര്‍ എസ് പി ഒരു ഇടതുപക്ഷപാര്‍ട്ടിയാണ്. ആ ഇടതുപക്ഷസ്വഭാവം മാറ്റിനിര്‍ത്തി ഒരു സീറ്റിനുവേണ്ടിയാണ് അവര്‍ യു ഡി എഫിനൊപ്പം നില്‍ക്കുന്നത്. ആ നിലപാടില്‍ മാറ്റം വരുത്തി, തെറ്റുതിരുത്തി വരാന്‍ തയ്യാറായാല്‍ സ്വാഗതം ചെയ്യും - പിണറായി വിജയന്‍ പറഞ്ഞു.
എം പി വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള ജനതാദള്‍ (യു)വിനെയും പിണറായി വിജയന്‍ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചു. ഇടതുനിലപാടുകളും സമീപനവുമുള്ള വീരേന്ദ്രകുമാറിന് അധികകാലം യു ഡി എഫില്‍ തുടരാന്‍ കഴിയില്ല. അദ്ദേഹം തുടര്‍ച്ചയായി സ്വീകരിക്കുന്ന നിലപാട് പലപ്പോഴും യു ഡി എഫിന്‍റെ നിലപാടിനോട് ചേര്‍ന്നതല്ല. അതെല്ലാം ഇടതുനിലപാടിന് അനുകൂലമാണ്. ഞങ്ങള്‍ക്ക് അവര്‍ വരുന്നതിനോട് എതിര്‍പ്പൊന്നുമില്ല - പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ നേതൃത്വം വി എസ് അച്യുതാനന്ദന്‍ ഏറ്റെടുക്കുന്നത് പ്രതിപക്ഷനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ ബാധ്യതയും ഉത്തരവാദിത്തവുമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ആരൊക്കെ മത്സരിക്കണമെന്നും ആര് മുഖ്യമന്ത്രിയാകണമെന്നും തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. കേരളയാത്ര നയിക്കാനുള്ള ചുമതല തന്നിലേക്ക് വന്നത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണെന്നും പിണറായി വ്യക്തമാക്കി.