ആനുകൂല്യങ്ങള്‍ ജൂലൈ 1 മുതല്‍ ആധാര്‍ വഴി മാത്രം

വെള്ളി, 3 മെയ് 2013 (17:10 IST)
PRO
ആനുകൂല്യ വിതരണങ്ങളെല്ലാം ആധാര്‍ വഴിയാക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 13 ഇനം ആനുകൂല്യങ്ങളുടെ വിതരണം ജൂലൈ 1 മുതല്‍ ആധാര്‍ നമ്പറുള്ളവര്‍ക്ക് മാത്രമേ നല്കൂവെന്ന് ജില്ല കളക്ടര്‍ പി ഐ ഷെയ്ക്ക് പരീത് പറഞ്ഞു.

ജില്ലയില്‍ ആധാര്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ 100 ശതമാനത്തിനും മുകളിലാണ്. സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം ആധാര്‍ വഴിയാക്കുന്നതിനാല്‍ ഇനിയും ആധാര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കളക്ടര്‍ പറഞ്ഞു.

ആധാര്‍ നമ്പര്‍ വഴി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കളക്ടറുടെ ക്യാമ്പ് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്ന് അദ്ദേഹം. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പട്ടിക ജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ്, പ്രീ മെട്രിക്ക് സ്‌കോളര്‍ഷിപ്പുകള്‍, ഒബിസി. വിഭാഗത്തിനുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്, കോളേജ് വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലകള്‍ നല്കുന്ന സ്‌കോളര്‍ഷിപ്,യുജിസി, എഐസിടിഇ ഫെല്ലോഷിപ്പുകള്‍, നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ്,

പോസ്റ്റ് മെട്രിക്ക് സ്‌കോളര്‍ഷിപ്, മൗലാന ആസാദ് ദേശീയ ഫെല്ലോഷിപ്, ജനനി സുരക്ഷ യോജന തുടങ്ങിയ 13 ഇനം ആനുകൂല്യങ്ങളാണ് ആധാര്‍ വഴി ബാങ്കുകളില്‍ നേരിട്ടു ലഭ്യമാക്കുക.

പാചകവാതകത്തിനുള്ള സബ്‌സിഡിയും ആധാര്‍ വഴി മാത്രമേ ലഭ്യമാക്കൂ എതിനാല്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ഇല്ലെങ്കില്‍ ആനുകൂല്യങ്ങള്‍ നഷ്ടമാകാനിടയുണ്ടെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക