ആഡംബര കാറുകള്‍ വാങ്ങിയ ദേവസ്വം ബോര്‍ഡ് നടപടി വിവാദത്തില്‍
ബുധന്‍, 27 മാര്‍ച്ച് 2013 (15:16 IST)
PRO
PRO
ആഡംബര കാറുകള്‍ വാങ്ങിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടപടി വിവാദത്തില്‍. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായാണ് കാറുകള്‍ വാങ്ങിയത്. സാമ്പത്തികപ്രതിസന്ധിമൂലം ജീവനക്കാരുടെ ചികിത്സാ ധനസഹായവും ക്ഷേത്ര നവീകരണവും മാറ്റിവെയ്ക്കുന്ന സാഹചര്യത്തിലാണ് ബോര്‍ഡിന്റെ വിവാദനീക്കം.
പ്രസിഡന്റിനും അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി മൂന്ന് ആഡംബര കാറുകള്‍ അടക്കം ഏഴ് കാറുകള്‍ വാങ്ങിയത്. ടയോട്ട ഇന്നോവയടക്കം ഉപയോഗക്ഷമമായ നിരവധി വാഹനങ്ങള്‍ ബോര്‍ഡ് ആസ്ഥാനത്ത് കിടക്കുമ്പോഴാണ് ഈ ആഡംബര ഭ്രമം. കിഡ്‌നി മാറ്റി വയ്ക്കല്‍ ശാസ്ത്രക്രിയകള്‍ക്ക് വിധേയരായവര്‍ അടക്കം നിരവധി ജീവനക്കാര്‍ ചികിത്സാ ചെലവ് കിട്ടാനായി ബോര്‍ഡില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. കൂടാതെ പുനരുദ്ധാരണം കാത്ത് കിടക്കുന്ന നിരവധി ക്ഷേത്രങ്ങളും ബോര്‍ഡിന് കീഴിലുണ്ട്. നിലവില്‍ കെഎസ്ഇബി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ സ്വന്തമായുള്ളത് ദേവസ്വം ബോര്‍ഡിനാണ്.
വരുമാനമേറിയതും അല്ലാത്തതുമായ ഒരുപാട് ക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇവയില്‍ ഭൂരിഭാഗവും സ്വയം പര്യാപ്തമല്ല. ശബരിമല അടക്കമുള്ള ചുരുക്കം ചില ക്ഷേത്രങ്ങളില്‍നിന്നുള്ള വരുമാനം കൊണ്ടാണ് അയ്യായിരത്തി അഞ്ഞൂറിലധികം ക്ഷേത്രജീവനക്കാരുടെ ശമ്പളവും മറ്റ് ചെലവുകളും നടക്കുന്നത്. എന്നാല്‍ സാമ്പത്തിക അച്ചടക്കമില്ലായ്മ മൂലം ബോര്‍ഡിന്റെ വലിയൊരു അളവ് സമ്പത്ത് ചോര്‍ന്ന് പോകുകയാണ്.
നിലവിലെ ബോര്‍ഡ് അധികാരം ഏറ്റിട്ട് 175 ദിവസങ്ങള്‍ പിന്നിട്ടിട്ടും നയപരമായ തീരുമാനങ്ങള്‍ ഒന്നും ഇതുവരെ കൈക്കൊണ്ടിട്ടില്ല. അറ്റകുറ്റപണികള്‍ക്കായി കോടിക്കണക്കിന് രൂപയാണ് വര്‍ഷം തോറും ബോര്‍ഡ് ചെലവഴിക്കുന്നത്.