അവനെ ഒരിക്കലും ആണെന്ന് വിളിക്കാനാകില്ല; ജിഷയ്ക്ക് നീതി ലഭിക്കണമെന്ന് മഞ്ചുവാര്യര്‍

Webdunia
ചൊവ്വ, 3 മെയ് 2016 (20:06 IST)
പെരുമ്പൂവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയ്ക്ക് നീതി ആവശ്യപ്പെട്ട് സിനിമാ താരം മഞ്ചുവാര്യര്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മഞ്ചുവാര്യര്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
 
‘ഒരു വാക്കിനും ഭാഷയ്ക്കും ഉൾക്കൊള്ളാനാകാത്ത അത്രയും ദേഷ്യവും സങ്കടവും ഉള്ളിൽ നിറയുകയാണ്. അപമാനിക്കപ്പെട്ട്...അല്ല...അങ്ങനെ പറഞ്ഞാൽ മതിയാകില്ല. ഒരു കടലാസ് കഷണമെന്നോണം നെടുകെയും കുറുകെയും വലിച്ചുകീറപ്പെട്ട് മരിക്കാതെ മരിച്ച ജിഷയെന്ന അനുജത്തി അനുഭവിച്ച വേദനയ്ക്ക് പുറത്തെ തീവേനലിനേക്കാൾ ചൂടുണ്ട്’- ഫേസ്ബുക്ക് പോസ്റ്റില്‍ മഞ്ചുവാര്യര്‍ പറഞ്ഞു.
 
സമ്പൂർണസാക്ഷരതയിലും അറിവിലും സംസ്കാരത്തിലുമൊക്കെ അഭിരമിക്കുന്ന മലയാളിമനസ്സിന് ഇനി ഉത്തരേന്ത്യയിലേക്ക് നോക്കി പുച്ഛിക്കാനാകില്ല. ഇനി നമുക്ക് നിർഭയയെ ഓർത്ത് സഹതപിക്കാനാകില്ലെന്നും മഞ്ചുവാര്യര്‍ പറയുന്നു.  
 
മഞ്ചുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
 
ഒരു വാക്കിനും ഭാഷയ്ക്കും ഉൾക്കൊള്ളാനാകാത്ത അത്രയും ദേഷ്യവും സങ്കടവും ഉള്ളിൽ നിറയുകയാണ്. അപമാനിക്കപ്പെട്ട്...അല്ല...അങ്ങനെ പറഞ്ഞാൽ മതിയാകില്ല. ഒരു കടലാസ് കഷണമെന്നോണം നെടുകെയും കുറുകെയും വലിച്ചുകീറപ്പെട്ട് മരിക്കാതെ മരിച്ച ജിഷയെന്ന അനുജത്തി അനുഭവിച്ച വേദനയ്ക്ക് പുറത്തെ തീവേനലിനേക്കാൾ ചൂടുണ്ട്. നമുക്ക് അവളോട് ഒന്നും പറയാനില്ല. നിശബ്ദമായി നില്കുക മാത്രം ചെയ്യാം. 
 
ഞാൻ നിങ്ങളിലൊരാളായിരുന്നില്ലേ..എന്ന അവളുടെ ചോദ്യത്തിന് നമുക്ക് മറുപടിയില്ല. മൃഗങ്ങൾ പോലും ചിലപ്പോൾ പ്രതികരിച്ചേക്കാം. അത് ചെയ്തയാളെ അവരോട് ഉപമിക്കുന്നത് കേട്ടാൽ. സമ്പൂർണസാക്ഷരതയിലും അറിവിലും സംസ്കാരത്തിലുമൊക്കെ അഭിരമിക്കുന്ന മലയാളിമനസ്സിന് ഇനി ഉത്തരേന്ത്യയിലേക്ക് നോക്കി പുച്ഛിക്കാനാകില്ല. നിർഭയയെ ഓർത്ത് സഹതപിക്കാനാകില്ല.
 
ജിഷ-അവളിപ്പോൾ കേരളത്തിന് നിർഭയയേക്കാൾ വലിയ ചോദ്യചിഹ്നമാണ്.കേരളത്തിന്റെ തെരുവിലും, രാത്രിയിലും മാത്രമല്ല സ്ത്രീയുടെ സുരക്ഷിതത്വം ചോദ്യം ചെയ്യപ്പെടുന്നത്. സ്വന്തം വീടിനുള്ളിൽ കൂടിയാണ്. ആ ഞെട്ടിക്കുന്ന തിരിച്ചറിവിന് ഇന്ത്യയിലെ മറ്റിടങ്ങളിലുണ്ടായ സംഭവങ്ങളേക്കാൾ തീവ്രതയുണ്ട്. പ്രതിഷേധങ്ങൾ ഉയരുന്നു. പരാതികളും ആരോപണങ്ങളും നിറയുന്നു. എല്ലാം നാളെ നിലയ്ക്കും. വലിച്ചുകീറപ്പെടാൻ അപ്പോഴും പെണ്ണ് ഒരു കടലാസായി ബാക്കിയുണ്ടാകും. അമ്മ,പെങ്ങൾ എന്ന പതിവ് ചോദ്യത്തിലേക്ക് പോകുന്നില്ല. ഒന്നുമാത്രം പറയട്ടെ...ഒരു സ്ത്രീയെ കൈക്കരുത്തിൽ കീഴടക്കുന്നവനാണ് ലോകത്തിലെ ഏറ്റവും വലിയ ഭീരു. അവനെ ഒരിക്കലും ആണെന്ന് വിളിക്കാനാകില്ല...

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article