അലിയുടെ രാജിയില്‍ ഇന്ന് തീരുമാനം

Webdunia
ശനി, 30 ഒക്‌ടോബര്‍ 2010 (10:42 IST)
മഞ്ഞളാംകുഴി അലിയുടെ രാജിസംബന്ധിച്ച് ഇന്നു തീരുമാനമെടുക്കും. കഴിഞ്ഞദിവസം നിയമസഭാ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം അലിയുടെ പ്രൈവറ്റ് സെക്രട്ടറി സ്പീക്കറുടെ ഓഫിസില്‍ രാജിക്കത്ത് എത്തിച്ചിരുന്നു.

നിയമസഭാംഗത്വം രാജിവെച്ചു കൊണ്ടു അലി നല്‍കിയ കത്തു ലഭിച്ചതായി സ്പീക്കര്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അലിയുടെ രാജി സ്വീകരിക്കുന്നതിനു സാങ്കേതിക തടസങ്ങളൊന്നുമില്ലെന്നു സ്പീക്കര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

സിപിഎമ്മുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണു മങ്കട എംഎല്‍എ ആയിരുന്ന മഞ്ഞളാംകുഴി അലി രാജിവെയ്ക്കാന്‍ തീരുമാനിച്ചത്. ഇതിന് അദ്ദേഹം മങ്കട മണ്ഡലത്തിലെ സമ്മതിദായകരുടെ അനുമതി തേടുകയും ചെയ്തിരുന്നു. മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളെയും വിളിച്ചു ചേര്‍ത്ത് പൊതുസമ്മേളനം നടത്തിയാണു അലി രാജി പ്രഖ്യാപനം നടത്തിയതും കത്തു കൈമാറിയതും.